പ്രസ്റ്റണിൽ പുതിയ യൂണിറ്റ് രൂപീകരിച്ച് ഐഒസി യുകെ
Friday, July 18, 2025 11:15 AM IST
പ്രസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സിൽ പ്രസ്റ്റണിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം.
ഞായറാഴ്ച ചേർന്ന യൂണിറ്റ് രൂപീകരണ മീറ്റിംഗിൽ ബിബിൻ കാലായിൽ അധ്യക്ഷത വഹിച്ചു. ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
ഷിനാസ് ഷാജു, ബേസിൽ കുര്യാക്കോസ്, അബിൻ മാത്യു, ബിജോ, ബേസിൽ എൽദോ, ലിന്റോ സെബാസ്റ്റ്യൻ, റൗഫ് കണ്ണംപറമ്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എഐസിസിയുടെ നിർദേശപ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽ അടുത്തിടെ നടന്ന ഐഒസി - ഒഐസിസി സംഘടനകളുടെ ലയനശേഷം യുകെയിൽ പുതിയതായി രൂപീകൃതമാകുന്ന ദ്വിതീയ യൂണിറ്റും ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേൽക്കുന്ന അഞ്ചാമത്തെ യൂണിറ്റുമാണ് പ്രസ്റ്റൺ യൂണിറ്റ്.
പ്രസ്റ്റണിലെ കോൺഗ്രസ് അനുഭാവികളുടെ ദീർഘകാലമായുള്ള ആഗ്രഹ പൂർത്തീകരണം കൂടിയാണ് യൂണിറ്റ് രൂപീകരണത്തോടെ സാധ്യമായത്. പരിചയസമ്പന്നരും പുതുമുഖങ്ങളും അണിനിരക്കുന്നതാണ് ഭാരവാഹി പട്ടിക.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫെബ്രുവരിയിൽ യുകെ സന്ദർശിച്ച വേളയിൽ പ്രസ്റ്റണിൽ നിന്നുമെത്തിച്ചേർന്ന കോൺഗ്രസ് അനുഭാവികൾ ഈ കാര്യം അദ്ദേഹത്തോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
മിഡ്ലാൻഡ്സ് ഏരിയ കേന്ദ്രീകൃതമായി കൂടുതൽ യൂണിറ്റുകൾ വരും ദിവസങ്ങളിൽ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
യൂണിറ്റ് ഭാരവാഹികൾ: പ്രസിഡന്റ് - ബിബിൻ കാലായിൽ, വൈസ് പ്രസിഡന്റ് - ബേസിൽ കുര്യാക്കോസ്, ജനറൽ സെക്രട്ടറി - ഷിനാസ് ഷാജു, ട്രഷറർ - അബിൻ മാത്യു.