വാത്സിംഗ്ഹാം തീർഥാടനം ശനിയാഴ്ച; ആയിരങ്ങളെ വരവേൽക്കാൻ മരിയൻ പുണ്യകേന്ദ്രം
അപ്പച്ചൻ കണ്ണഞ്ചിറ
Wednesday, July 16, 2025 5:46 PM IST
വാത്സിംഗ്ഹാം: ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷ തീർഥാടനങ്ങളുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടനിലെ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒമ്പതാമത് വാത്സിംഗ്ഹാം തീർഥാടനം ആഘോഷപൂർവവും ഭക്തിപുരസരവും ശനിയാഴ്ച കൊണ്ടാടും.
ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള സീറോമലബാർ ഇടവകകളിൽ നിന്നുമെത്തുന്ന പതിനായിരത്തിലധികം മരിയഭക്തരെയാണ് ഇത്തവണ വാത്സിംഗ്ഹാമിൽ പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മാതൃഭക്ത സംഗമവും മരിയൻ പ്രഘോഷണ തിരുന്നാളുമായി സീറോമലബാർ സഭയുടെ തീർഥാടനം ശ്രദ്ധേയമാവും.
ആഗോളതലത്തിൽ അനുഗ്രഹങ്ങളുടെ പറുദീസയെന്ന ഖ്യാതി നേടിയിട്ടുള്ള ഇംഗ്ലണ്ടിലെ നസ്രേത്തിൽ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയ്ക്കും അനുഗ്രഹ സാഫല്യത്തിനും നന്ദി നേരുന്നതിനുമായി നിരവധി ആളുകൾ നിത്യേന സന്ദർശിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന മരിയൻ സങ്കേതമാണ് വാത്സിംഗ്ഹാം.
ഈ വർഷത്തെ തീർഥാടനത്തിനു ആതിഥേയത്വം വഹിക്കുന്നത് കേംബ്രിഡ്ജ് റീജണൽ സീറോമലബാർ സമൂഹം ആണ്. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രസുദേന്തിമാരുടെ വിപുലമായ പങ്കാളിത്തം ചടങ്ങിനെ കൂടുതൽ ഭക്തിസാന്ദ്രവും ആകർഷകവുമാക്കും.
ഇനിയും പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്ക് https://forms.office.com/e/5CmTvcW6p7 ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രാവിലെ 9.30ന് സപ്രാ, ആരാധന തുടർന്ന് 10.15ന് അഭിഷിക്ത ധ്യാന ഗുരുവായ ഫാ. ജോസഫ് മുക്കാട്ട് നയിക്കുന്ന മരിയൻ പ്രഭാഷണവും 11ന് തിരുനാൾ കൊടിയേറ്റവും നടക്കും.
ഇടവേളയിൽ ഭക്ഷണത്തിനും, അടിമവയ്ക്കലിനുമുള്ള സമയമാണ്. 12ന് നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, 12.30ന് മാതൃഭക്തി നിറവിൽ തീർഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങളുടെ ഗ്രൂപ്പുകളോടോടൊപ്പം "പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി' ചൊല്ലിത്തരുന്ന പ്രാർഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ പ്രദക്ഷിണത്തിൽ പങ്കെടുക്കേണ്ടതാണ്.
ഉച്ചയ്ക്ക് 1.45ന് എസ്എംവെെഎം മിനിസ്ട്രിയുടെ "സമയം ബാൻഡ്' ഒരുക്കുന്ന സാംഗീതസാന്ദ്രമായ ഗാനാർച്ചനയും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 2.15ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ, പ്രോട്ടോ സെല്ലുലോസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ടിൽ,
ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസ്വാ പത്തിൽ, ജുഡീഷ്യൽ വികാരി റവ. ഡോ. വിൻസന്റ് ചിറ്റിലപ്പള്ളി, ഫിനാൻസ് ഡയറക്ടർ ഫാ. ജോ മാത്യു വിസി കൂടാതെ മിഷനുകളിൽ നിന്നുള്ള വൈദികരും സഹകാർമികരായി ആഘോഷപൂർവമായ തിരുനാൾ സമൂഹബലി അർപ്പിക്കും.
സാധാരണയായി തീർഥാടനത്തിൽ എത്തുമ്പോൾ വഴിയിലുണ്ടാകാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി ഇത്തവണ മിക്ക ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരാനുള്ള രൂപതയുടെ നിർദേശം ഫലം കാണും.
തീർഥാടകർക്കായി മിതമായ വിലയിൽ രുചികരമായ ചൂടുള്ള നാടൻ വിഭവങ്ങൾ ഒരുക്കാൻ രണ്ടു മലയാളി സ്റ്റാളുകൾ തീർഥാടന വേദിയിൽ ഉണ്ടായിരിക്കുന്നതാണ്. വൻജനാവലിയുടെ തിരക്കിനിടയിൽ താമസം ഉണ്ടാവാതിരിക്കുവാൻ മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യുവാനുള്ള സൗകര്യവും ഇരു കാറ്ററേഴ്സും സൗകര്യം ഒരുക്കുന്നുണ്ട്.
വാത്സിംഗ്ഹാമിൽ ഇന്റർനെറ്റിന്റെ ലഭ്യത കുറവായതിനാൽ ഭക്ഷണം വാങ്ങുന്നവർ കാഷ് കൊണ്ടുവരുവാൻ കാറ്ററേഴ്സ് അഭ്യർഥിച്ചിട്ടുണ്ട്. ഏവരെയും സ്നേഹപൂർവം വാത്സിംഗ്ഹാം തീർഥാടനത്തിരുന്നാളിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി തീർഥാടന സംഘാടക സമിതിക്കു വേണ്ടി ഫാ. ജിനു മുണ്ടനാടക്കൽ അറിയിച്ചു.
For Prasudenthi Registration: https://forms.office.com/e/5CmTvcW6p7. Caterers Contacts: Indian Food Club-07720614876, Jacob's Caterers - 07869212935.
Catholic National Shrine of Our Lady Walshingham, Houghton St. GilesNorfolk, NR22 6AL.