ലണ്ടനിൽ അന്തരിച്ച ആന്റണി മാത്യുവിന്റെ സംസ്കാരം 22ന്
Thursday, July 17, 2025 2:40 PM IST
ലണ്ടൻ: ആന്റണി മാത്യുവിന്റെ(61) സംസ്കാരം 22ന് ഈസ്റ്റ് ലണ്ടനിലെ റോംഫോർഡിലുള്ള ഈസ്റ്റ് ബ്രൂക്കെൻഡ് സെമിത്തേരിയിൽ(RM10 7DR) നടത്തും. രാവിലെ പത്തിന് മൃതദേഹം റെയ്നാമിലെ ഔർ ലേഡി ഓഫ് ലാസ്ലേറ്റ് പള്ളിയിൽ (RM13 8SR) എത്തിക്കും.
10 മുതൽ 10.30 വരെയും പിന്നീട് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷവും പള്ളിയിൽ അന്തിമോപചാരങ്ങൾ അർപ്പിക്കാനുള്ള സൗകര്യം ഉണ്ടാകും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
രണ്ടു പതിറ്റാണ്ടിലേറെയായി ഈസ്റ്റ് ലണ്ടനിലെ ഡഗ്നാമിൽ താമസിക്കുന്ന ആന്റണി മാത്യു കുറച്ചു നാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.
ബ്രിട്ടനിൽ സീറോമലബാർ സഭയുടെ വളർച്ചയ്ക്കായി ഏറ്റവും അധികം ആഗ്രഹിക്കുകയും അധ്വാനിക്കുകയും ചെയ്തവരിൽ ഒരാളാണ് എടത്വ ഈരേത്ര വെട്ടുതൊട്ടുങ്കൽ പരേതരായ ചെറിയാൻ മാത്യുവിന്റെയും ഏലിയാമ്മ മാത്യുവിന്റെയും മകനായ ആന്റണി.
ലണ്ടനിലെ മൂന്ന് രൂപതകളിലായി വിവിധയിടങ്ങളിൽ മാസ് സെന്ററുകൾ ആരംഭിച്ചപ്പോൾ കോഓർഡിനേഷൻ കമ്മിറ്റി അംഗമായും കോഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. ഈസ്റ്റ്ഹാമിലും ഹോൺചർച്ചിലും സൗത്ത് എൻഡിലും സീറോമലബാർ സഭയുടെ മാസ് സെന്ററുകൾ തുടങ്ങാനും അവയെ മിഷനുകളായി വളർത്താനും ആത്മാർഥമായി പ്രവർത്തിച്ചു.
നിലവിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ബൈബിൾ അപ്പസ്തോലേറ്റ് കോഓർഡിനേറ്ററും പാസ്റ്ററൽ കൗൺസിൽ അംഗവും ബൈബിൾ കലോൽസവം കോഓർഡിനേറ്ററുമായി പ്രവർത്തിക്കുകയായിരുന്നു ആന്റണി മാത്യു.
വേൾഡ് മലയാളി ഫെഡറേഷൻ യുകെ നാഷനൽ കൗൺസിൽ ട്രഷററായി പ്രവർത്തിച്ചുവരികയായിരുന്നു. കലാസാംസ്കാരിക വേദികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഐടി കൺസൾട്ടന്റായിട്ടായിരുന്നു ഔദ്യോഗിക ജീവിതം.
ഭാര്യ: ഡെൻസി ആന്റണി. മക്കൾ: ഡെറിക്, ആൽവിൻ.