യൂറോപ്പില്‍ കനത്ത ചൂട്; കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷം
ജോസ് കുമ്പിളുവേലിൽ
Thursday, July 17, 2025 7:02 AM IST
ബ്രസല്‍സ്: യൂറോപ്പില്‍ അസാധാരണമായ രീതിയില്‍ അന്തരീക്ഷ താപനില ഉയർന്നതിനെ തുടർന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷം. ജൂണ്‍ 23 മുതല്‍ ജൂലൈ രണ്ട് വരെയുള്ള പത്ത് ദിവസത്തിനിടെ 2300 പേരാണ് അത്യുഷ്ണം കാരണം യൂറോപ്പില്‍ മരിച്ചത്.
ഇതില്‍ 1500 പേരുടെ മരണത്തിനും കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനെയും ലണ്ടന്‍ ഇംപീരിയല്‍ കോളജിലെയും ഗവേഷകര്‍ ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് താപനില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. മേഖലയില്‍ ഇത് വേനല്‍ക്കാലം തന്നെയാണെങ്കിലും 40 ഡിഗ്രി വരെയൊക്കെ താപനില ഉയരുന്ന അത്യപൂര്‍വ പ്രതിഭാസമാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്.
സ്പെയ്നിലാണ് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത്. സ്പെയ്നിലെ ബാര്‍സലോണയും മാഡ്രിഡും അടക്കം 12 യൂറോപ്യന്‍ നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം നേരിട്ട് മരണകാരണമാകുന്നതായി കണ്ടെത്തിയിരിക്കുന്നത്.
പടിഞ്ഞാറന്‍ യൂറോപ്പില്‍ ഉഷ്ണതരംഗമാണ് താപനില ഇത്രയും ഉയരാന്‍ കാരണമായത്. സീസണിലെ ശരാശരി താപനിലയെക്കാള്‍ നാല് ഡിഗ്രി കൂടുതല്‍ ചൂടാണ് രേഖപ്പെടുത്തിയത്.പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും ചൂടേറിയ ജൂണ്‍ മാസമാണ് കഴിഞ്ഞു പോയത്.
2022ലാണ് ഇപ്പോഴത്തേതുമായി താരതമ്യം ചെയ്യാവുന്ന അത്യുഷ്ണം യൂറോപ്പില്‍ രേഖപ്പെടുത്തിയത്. ഏകദേശം 61,000 പേരുടെ മരണത്തിന് ഇതു പരോക്ഷ കാരണമായെന്നും കണ്ടെത്തിയിരുന്നു.
മുതിര്‍ന്ന പൗരന്മാര്, മാരക രോഗികള്‍, കുട്ടികള്‍, പുറത്ത് ജോലി ചെയ്യുന്നവര്‍, ദീര്‍ഘനേരം ഉയര്‍ന്ന താപനിലയില്‍ കഴിയേണ്ടി വരുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളെയാണ് അത്യുഷ്ണം ഏറ്റവും തീവ്രമായി ബാധിക്കുന്നത്.