അയർലൻഡിൽ സീറോമലബാർ സഭ ക്രോഗ് പാട്രിക് തീർഥാടനം 26ന്
ജയ്സൺ കിഴക്കയിൽ
Wednesday, July 16, 2025 12:50 PM IST
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർഥാടനം ഈ മാസം 26ന് നടക്കും.
അയർലൻഡിന്റെ സ്വർഗീയ മധ്യസ്ഥനായ സെന്റ് പാട്രിക്കിന്റെ പാദസ്പർശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക് അയർലൻഡിലെ എല്ലാ കൗണ്ടികളിൽ നിന്നും ബെൽഫാസ്റ്റിൽ നിന്നുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന തീർഥാടനം 26ന് രാവിലെ ഒമ്പതിന് അടിവാരത്ത് ആരംഭിക്കും.
അയർലൻഡ് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഒലിയക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ അടിവാരത്തിൽ നടക്കുന്ന കുർബാനയ്ക്ക് ശേഷമാണ് മലകയറ്റം ആരംഭിക്കുന്നത്.
പിതൃവേദി നാഷണൽ ഡയറക്ടർ ഫാ. അനീഷ് വഞ്ചിപ്പാറയിൽ, ഡബ്ലിൻ റീജണൽ പിതൃവേദി ഡയറക്ടർ ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ, കോർക്ക് റീജണൽ പിതൃവേദി ഡയറക്ടർ ഫാ. സന്തോഷ് തോമസ്,
ഗോൽവേ റീജണൽ പിതൃവേദി ഡയറക്ടർ ഫാ. റജി കുര്യൻ, അയർലൻഡ് സീറോമലബാർ സഭയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് വൈദികരും കുർബാനയ്ക്കും തിരുകർമങ്ങൾക്കും സഹകാർമികരായിരിക്കും.
ക്രോഗ് പാട്രിക് തീർഥാടനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഓരോ റീജിയണിലും ബസ് സൗകര്യങ്ങൾ ഒരുക്കുന്നതാണ്.
തീർഥാടനത്തിൽ പങ്കെടുക്കാനും വാഹന ക്രമീകരണങ്ങൾ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും അതാത് റീജണില് കമ്മിറ്റി നേതൃത്വത്തെ ബന്ധപ്പെടേണ്ടതാണ്.
ഡോ. സനൽ ജോർജ് +447425066511 (ബെൽഫാസ്റ്റ് റീജണൽ കമ്മിറ്റി), റോണി ജോർജ് - 089 409 0600 (ഗോൾവെ റീജിണൽ കമ്മിറ്റി), പുന്നമട ജോർജുകുട്ടി - 087 056 6531 (കോർക്ക് റീജിണൽ കമ്മിറ്റി), സിബി സെബാസ്റ്റ്യൻ +353 894 433676 (ഡബ്ലിൻ റീജണൽ കമ്മിറ്റി) എന്നിവരെയോ പാരിഷ് / പിതൃവേദി / സെൻട്രൽ / സഭായോഗം കമ്മിറ്റി നേതൃത്വത്തെയോ തീർഥാടനത്തിന്റെ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടാവുന്നതാണ്.
എരിയുന്ന തീക്ഷ്ണതയോടെ ദൈവവിശ്വാസം പ്രചരിപ്പിച്ച് അനേകായിരങ്ങളെ മാനസാന്തരപ്പെടുത്തി ക്രിസ്തുവിലേക്ക് അടുപ്പിച്ച വിശുദ്ധ പാട്രിക് നാൽപ്പത് ദിവസം ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്ത ക്രോഗ് പാട്രിക്ക് മലമുകളിലേക്കുള്ള ത്യാഗപൂർണവും ഭക്തിനിർഭരവുമായ തീർഥാടനത്തിൽ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സഭാനേതൃത്വം അറിയിച്ചു.