യുക്മ കേരളപൂരം വള്ളംകളി വേദിയിൽ മലയാളി സുന്ദരി മത്സരം ഓണച്ചന്തം സംഘടിപ്പിക്കുന്നു
അലക്സ് വർഗീസ്
Thursday, July 17, 2025 3:13 AM IST
ലണ്ടൻ: ഓഗസ്റ്റ് മുപ്പതിന് റോതർഹാമിൽ വച്ച് നടക്കുന്ന യുക്മ കേരള പൂരം വള്ളം കളിയോട് അനുബന്ധിച്ചു യുക്മ മലയാളി സുന്ദരി മത്സരം സംഘടിപ്പിക്കുന്നു. യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാൻഡ് ആയ തെരേസാസ് ലണ്ടനുമായി ചേർന്നാണ് ഓണച്ചന്തം എന്ന പേരിൽ യുക്മ ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഒരു റൺവേ ഫാഷൻ ഷോ എന്നതിലുപരി ഫാഷൻ, കല, കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവ ഓണത്തിന്റെ സാഹചര്യത്തിൽ സംയോജിപ്പിച്ച് കാണികൾക്ക് ആസ്വാദ്യകരമായ ദൃശ്യാവിഷ്കാരം ഒരുക്കുക എന്നതാണ് ഓണച്ചന്തം പരിപാടിയിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.
ഓണത്തിന്റെ ഐതിഹ്യവും മാലോകരെല്ലാം ഒരേപോലെ ജീവിച്ച മഹാബലിയുടെ കാലവും പരമ്പരാഗത കേരള ഫാഷനിലൂടെയും തത്സമയ പ്രകടനങ്ങളിലൂടെയും വേദിയിൽ അവതരിക്കപ്പെടും
ഓണത്തിന്റെ സമൃദ്ധിയും ഗൃഹാതുരത്വവും പ്രതിഫലിപ്പിക്കുന്ന വിവിധ വസ്ത്രങ്ങൾ ധരിച്ച് മത്സരാർത്ഥികൾ റാമ്പിൽ നടക്കും. പാരമ്പര്യം ആധുനിക ഫാഷനുമായി ഇടകലരുമ്പോൾ മലയാളി സ്ത്രീത്വത്തിന്റെ സത്വം വെളിവാകുന്ന അപൂർവ നിമിഷങ്ങൾക്ക് ഓണച്ചന്തം വേദിയാകും.
പുലികളി, കഥകളി, ഓട്ടൻതുള്ളൽ എന്നിങ്ങനെയുള്ള കേരളത്തിന്റെ ഉത്സവ പാരമ്പര്യങ്ങളുടെ തത്സമയ സ്റ്റേജ് ദൃശ്യങ്ങളും ഷോയിൽ ഉൾപ്പെടുത്തും. ഇരുപതു മുതൽ നാൽപ്പത്തഞ്ചു വയസു വരെ പ്രായമുള്ള യുക്മ അംഗ സംഘടനകളിൽ നിന്നുള്ള വനിതകൾക്കാണ് മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത ഉള്ളത്.
കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലോ താഴെപ്പറയുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.
Kamal Raj: +447774966980, Smitha Thottam: +44 7450 964670, Raymol Nidhiry: +44 7789 149473.