വത്തിക്കാനിലെ സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്യും
Saturday, November 30, 2024 11:41 AM IST
വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്യും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മാർപാപ്പയുടെ അഭിസംബോധന.
ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിലാണ് സർവമത സമ്മേളനം വത്തിക്കാനിൽ സംഘടിപ്പിക്കുന്നത്. വൈദികർക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലസാറോ യു ഹ്യുയുംഗ് സിക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും.
കർണാടക സ്പീക്കർ യു.ടി. ഖാദർ ഫരീദ്, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, ചാണ്ടി ഉമ്മൻ എംഎൽഎ, ശിവഗിരി തീർഥാടനം ചെയർമാൻ കെ. മുരളി, സഞ്ജീവനി വെൽനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രഘുനാഥൻ നായർ, സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവർ പ്രസംഗിക്കും.
കെ.ജി. ബാബുരാജൻ, സാദിഖ് അലി ശിഹാബ് തങ്ങൾ, ഗ്യാനി രഞ്ജിത് സിംഗ്, ഫാ. ഡേവിസ് ചിറമ്മൽ, സ്വാമി ശുദ്ധാനന്ദഗിരി, ഫാ. മിഥുൻ ജെ. ഫ്രാൻസിസ്, സ്വാമി ശുഭാംഗാനന്ദ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുക്കും.
സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നെത്തിയ പ്രതിനിധിസംഘത്തെ വിമാനത്താവളത്തിൽ സംഘാടകസമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, ഇറ്റലിയിലെ മലയാളി സംഘടനാ പ്രസിഡന്റ് ഷൈൻ കൊല്ലം, സെക്രട്ടറി തോമസ് ഇരുമ്പൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.