വത്തിക്കാന്റെ ഔദ്യോഗിക സംഘം ഗോവയിലെ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് സന്ദർശിച്ചു
ജെജി മാന്നാർ
Friday, November 29, 2024 11:09 AM IST
റോം: പത്ത് വർഷത്തിൽ ഒരിക്കൽ മാത്രം പ്രദർശിപ്പിക്കുന്ന ഗോവയിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ വിശുദ്ധ തിരുശേഷിപ്പ് വണങ്ങി വത്തിക്കാൻ പ്രതിനിധി സംഘം. ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് പഴയ ഗോവയിലെ ബോം ജീസസ് ബസിലിക്കയിലെ ഒരു വെള്ളി പേടകത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
അതോടൊപ്പം മലയാളിയായ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള വത്തിക്കാൻ സംഘത്തിന് രാജ്ഭവനിൽ സ്നേഹഷ്ളമായ സ്വീകരണം നൽകി. വത്തിക്കാനിൽ നിന്നും ഇത്തരമൊരു ഔദ്യോഗിക സംഘം ഗോവ രാജ്ഭവനിലെത്തിയത് ആദ്യമായാണ്.
മലയാളിയ നിയുക്ത കർദ്ദിനാൾ ജോർജ് ജേക്കബ് കൂവ്വക്കാട് (വത്തിക്കാൻ), വത്തിക്കാൻ ഡപ്യൂട്ടി സെക്രട്ടറിയും കത്തോലിക്കാ സഭയുടെ മൂന്നാം സ്ഥാനീയനുമായ ആർച്ചുബിഷപ് മോസ്റ്റ് റവ. എഡ്ഗാർ പേഞ്ഞ പാറ (സബ്റ്റിറ്റ്യൂട്ട് ഓഫ് ദ സെക്രട്ടറിയേറ്റ് ഓഫ് ദ സ്റ്റേറ്റ്, വത്തിക്കാൻ),
നിയുക്തകർദിനാൾ മോൺ റോളണ്ടസ് മക്കരിക്കസ് (കോ-അഡ്ജുത്തോർ ആർച്ചുപ്രീസ്റ്റ്, മരിയ മജോറെ ബസിലിക്ക വത്തിക്കാൻ), മോൺ. ഫ്ലാവിയാനോ റമി അല്-കമലൻ (അപ്പസ്തോലിക് വിസിറ്റർ ഫോർ ദ കാത്തലിക് ഫെയ്ത്ത്ഫുൾ റിസൈഡിംഗ് ഇൻ യൂറോപ്പ് & പ്രൊക്യുറേറ്റർ ഓഫ് ദ സിറിയൻ കാത്തലിക് ചർച്ച് ഇൻ റോം),
മോൺ യാവിയർ ഡൊമിംഗോ ഫെർണാണ്ടസ് ഗോൺസാലസ് (ചീഫ് ഓഫ് പ്രോട്ടോക്കോൾ), അപ്പസ്തോലികയാത്രകളുടെ അസിസ്റ്റന്റുമാരായ ഡോ. മെലാനിയ ഇയർമിയേരി, ഡോ. അലസാൻട്രോ ഗാല്ലോ, ഡോ. ദനിയേലെ നാർദിസ്, സ്റ്റെഫാനിയ കപ്പൂസ്വോ എന്നിവരാണു സന്ദർശനസംഘത്തിലുണ്ടായിരുന്നത്.
രാജ്ഭവനിൽ എത്തിയ വത്തിക്കാൻ സംഘത്തിന് മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദൻ, ബാലഗംഗാധര തിലകൻ, ചിന്മയാനന്ദ സ്വാമി, ആനി ബസന്റ് തുടങ്ങിയവരുടെ ഭഗവത് ഗീതാഭാഷ്യങ്ങളും ഗോവൻ സംസ്കാരത്തിന്റെ പ്രതീകമായ സമയ് നിലവിളക്കും നൽകി ഗോവ ഗവർണർ സ്വീകരിച്ചത്.
ഫ്രാൻസിസ് മാർപാപ്പ പ്രത്യേകമായി കൊടുത്ത് അയച്ച ലോക സമാധാനത്തിന് വേണ്ടിയുള്ള സെന്റ് ഫ്രാൻസിസ് അസീസിയുടെ ക്രൂശിതരൂപവും പരിശുദ്ധ കന്യാമറിയത്തിന്റെ ശില്പവും രണ്ട് കൊന്തയും വത്തിക്കാൻ സംഘം ഗവർണർക്ക് സമ്മാനിച്ചു.
തുടർന്ന് രാജ്ഭവനിലെ ഔവർ ലേഡി ഓഫ് കേപ് ഓഫ് ബോൺ വോയേജ് ചർച്ചും സന്ദർശിച്ചു സംഘം മടങ്ങി.