ലോക നാച്ചുറൽ ബോഡി ബിൽഡിംഗ് മത്സരം: റോഷൻ വാവള്ളിൽ കുര്യാക്കോസിന് വെങ്കലം
ജെയ്സൺ കിഴക്കയിൽ
Thursday, November 28, 2024 11:46 AM IST
ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിലുള്ള മലയാളിയായ റോഷൻ വാവള്ളിൽ കുര്യാക്കോസ് അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന ലോക നാച്ചുറൽ ബോഡി ബിൽഡിംഗ് മത്സരത്തിൽ വെങ്കല മെഡൽ നേടി.
40നും 50നും ഇടയിൽ പ്രായമുള്ളവർക്കായുള്ള മാസ്റ്റേഴ്സ് വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്. മെഡൽ നേട്ടം കൈവരിച്ച റോഷൻ അയർലൻഡിലെ മലയാളികൾക്കാകെ അഭിമാനമായി മാറി.
രണ്ടു മാസം മുൻപ് വെക്സ്ഫോർഡ് ന്യൂറോസിൽ നടന്ന ഓൾ അയർലൻഡ് മത്സരത്തിൽ റോഷൻ വെള്ളി മെഡൽ നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോസ്റ്റണിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത ലഭിച്ചത്.
വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ആദ്യകാല അംഗമായ റോഷൻ അയർലൻഡിൽ നടന്ന ബോഡി ബിൽഡിംഗ് മത്സരങ്ങളിൽ ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ട്.
അയർലൻഡിൽ കഴിഞ്ഞവർഷം നടന്ന ബോഡി ബിൽഡിംഗ് മത്സരത്തിലെ ഗോൾഡ് മെഡൽ ജേതാവാണ് റോഷൻ. കേരളത്തിൽ പഠനകാലത്തും റോഷൻ ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ട്.
1999, 2002 എന്നീ വർഷങ്ങളിൽ ഇദ്ദേഹം കോട്ടയം ബസേലിയോസ് കോളജ് ചാമ്പ്യനായിരുന്നു. 15 വർഷമായി അയർലൻഡിലുള്ള റോഷൻ വാട്ടർഫോർഡ് കിലുർബ്രിഡ്ജ് നഴ്സിംഗ് ഹോം ക്ലിനിക്കൽ നഴ്സിംഗ് മാനേജരാണ്.
കോട്ടയം പുതുപ്പള്ളി ഇരവിനല്ലൂർ പരേതനായ വാവള്ളിൽ കരോട്ട് കെ.കെ. കുര്യക്കോസിന്റെയും (അച്ചൻകുഞ്ഞു) ചിന്നമ്മ കുര്യക്കോസിന്റെയും മകനാണ്. ഭാര്യ ജോബി സ്കറിയ. മക്കൾ: ജൊഹാൻ റോഷൻ, റിയാനാ റോഷൻ.