സമ്മേളനനഗരി ഒരുങ്ങി; സമീക്ഷ യുകെ ദേശീയ സമ്മേളനം ശനിയാഴ്ച
Friday, November 29, 2024 5:13 PM IST
ബിർമിംഗ്ഹാം: യുകെയിലെ ഇടത് പുരോഗമന സംഘടനയായ സമീക്ഷ യുകെയുടെ ഏഴാം ദേശീയ സമ്മേളനം ശനിയാഴ്ച നടക്കും. ബിർമിംഗ്ഹാമിലെ നേം പാരിഷ് സെന്ററിലെ സിതാറാം യെച്ചൂരി നഗറാണ് സമ്മേളനവേദി.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ കെ.കെ. ശൈലജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമീക്ഷയുടെ 33 യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ എം.ബി. രാജേഷ് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ജൂലൈ അവസാന വാരം തുടങ്ങിയ യൂണിറ്റ് - ഏരിയ സമ്മേളനങ്ങള്‍ പൂർത്തിയാക്കിയാണ് സമീക്ഷ ദേശീയ സമ്മേളനത്തിലേക്ക് കടക്കുന്നത്.
അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികള്‍ക്ക് ദേശീയ സമ്മേളനം രൂപം നല്‍കും. പുതിയ കാലത്തിനൊത്ത് നയപരിപാടികള്‍ ആവിഷ്കരിക്കും. കഴിഞ്ഞകാല പ്രവർത്തനങ്ങളിലെ പോരായ്മകള്‍ ഉള്‍ക്കൊണ്ട് ആവശ്യമായ തിരുത്തലുകള്‍ വരുത്തും.
അടുത്ത വർഷങ്ങളില്‍ സമീക്ഷയെ നയിക്കാൻ പുതിയ നാഷണല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുക്കും. പ്രതിനിധി സമ്മേളനത്തിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ എല്ലാ മതേതര-ജനാതിപത്യവിശ്വാസികള്ക്കും പങ്കെടുക്കാം.
ദേശീയ സമ്മേളനത്തിനായി സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട വിപുലമായതയാറെടുപ്പുകളാണ് നടന്നുവരുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആതിഥേയരായ ബിർമിംഗ്ഹാം യൂണിറ്റ് കമ്മിറ്റി അറിയിച്ചു.
ഇതിനിടെ ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സ്റ്റോക്ക്പോർട്ടില്‍ നിന്നുള്ള കൃഷ്ണദാസ് രാമാനുജം ഒന്നാംസ്ഥാനവും നോർത്താംപ്റ്റണില്‍ നിന്നുള്ള അജയ് ദാസ് രണ്ടാംസ്ഥാനവും നേടി.
ദിപിൻ മോഹനാണ് ലോഗോ മത്സരത്തിലെ വിജയി. ദേശീയ സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ ആയി ഇത് തെരഞ്ഞെടുത്തു. മത്സരവിജയകള്‍ക്കുള്ള സമ്മാനം പൊതുസമ്മേളനത്തില്‍ വിതരണം ചെയ്യും.