മസ്കറ്റ്: പ്രളയവും പേമാരിയും മഹാവ്യാധിയുമെല്ലാം സൃഷ്ടിച്ച പ്രതിസന്ധികൾക്കും നിയന്ത്രണങ്ങൾക്കും വിരാമമിട്ട് 22നു ഉച്ചയ്ക്ക് 12ന് ഓണസദ്യയോടുകൂടി കൈരളി ഒമാൻ ഇബ്ര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണനിലാവ് ഇബ്രയിലെയും സമീപപ്രദേശങ്ങളിലെയും മലയാളി സമൂഹത്തിനു വിസ്മരിക്കാനാവാത്ത ആഘോഷരാവ് സമ്മാനിച്ചു.
അത്തപ്പൂക്കളമത്സരം, ഓണപ്പാട്ട്, തിരുവാതിരകളി, സംഘഗാനം, കുട്ടികളുടെ ഡ്രാമ, സെമിക്ലാസിക്കൽ ഡാൻസ്, വടംവലി, മാവേലിയുടെ എഴുന്നള്ളത്ത്, പുലികളി എന്നിവ ഏകദേശം പത്തു മണിക്കൂർ നീണ്ട കലാപരിപാടികളിലൂടെ ജനഹൃദയം കീഴടക്കി.
പരിപാടികൾക്ക് സ്നേഹക്കൂട് വനിതാകൂട്ടായ്മ ഇബ്ര, മലയാളം മിഷൻ ഇബ്ര മേഖല കൂട്ടുകാർ എന്നിവർ നേതൃത്വം നൽകി. തിച്ചൂർ സുരേന്ദ്രന്റെ ടീം അവതരിപ്പിച്ച ചെണ്ടമേളം ഇബ്രയിലെ പ്രവാസിസമൂഹത്തിന് ആദ്യാനുഭവമായിരുന്നു.
വൈകുന്നേരം അഞ്ചിന് പി.കെ ജിജോയുടെ സ്വാഗതത്തോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ അജിത്ത് പുന്നക്കാട് അധ്യക്ഷനായി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോകകേരളസഭ അംഗവവുമായ വിൽസൺ ജോർജ് ഉദ്ഘാടനം ചെയ്തു.
സാല അഹ്മദ് അൽ യാസീദി, അബ്ദുള്ള റാഷിദ് അൽ അബ്റവി, ഹൈതം സൈദ് അൽ മസ്കരി എന്നിവർ മുഖ്യാഥിതികളായിരുന്നു. ഷനില സനീഷ്, അഫ്സൽ ബഷീർ തൃക്കോമല എന്നിവർ ആശംസകൾ നേർന്നു.
പി.സൂരജ്, പ്രകാശ് തടത്തിൽ, നീരജ് പ്രസാദ്, കുഞ്ഞുമോൻ, അനീഷ്, പ്രഭാത്, നീഷ്മ, അശ്വതി എന്നിവർ സന്നിഹിതരായിരുന്നു. ശേഷം സൂർ കൈരളി ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച സംഗീതശില്പം ഏറെ ശ്രെദ്ധേയമായി.
സദസിനെ ആനന്ദ നിർവൃതിയിലാക്കി ഞാറ്റുവേല ടീം അവതരിപ്പിച്ച നാടൻ പാട്ടുകളോട് കൂടി ആണ് ആഘോഷപരിപാടികൾ സമാപിച്ചു.