കുരങ്ങുപനി: അബുദാബി കർശന നടപടികൾ ആരംഭിച്ചു
Saturday, May 21, 2022 11:33 AM IST
അബുദാബി: ആഗോള തലത്തിൽ കേസുകളുടെ എണ്ണം വർധിച്ചതിനെ തുടർന്നു കുരങ്ങുപനി വൈറസിനെതിരെ അബുദാബിയിലെ പ്രാദേശിക ആരോഗ്യ അധികാരികൾ കർശന പ്രതിരോധ നടപടികൾ സ്വീകരിച്ചു.

സമൂഹത്തിന്‍റെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി അബുദാബി പബ്ലിക് ഹെൽത്ത് സെന്‍ററും (എഡിപിഎച്ച്സി) പ്രാദേശിക ഹെൽത്ത് കെയർ അധികൃതരും തങ്ങളുടെ ഏകോപനം തുടരുകയും പകർച്ചവ്യാധികൾ പടരുന്നത് തടയാൻ കർശനമായ പ്രതിരോധ നടപടികൾ നടപ്പിലാക്കുകയും ചെയ്യുന്നു.

കുരങ്ങുപനി സംശയിക്കുന്ന കേസുകളിൽ ജാഗ്രത പാലിക്കാൻ തലസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളോടും അധികൃതർ അഭ്യർഥിച്ചു. എ‌ഡി‌പി‌എച്ച്‌സി നടത്തുന്ന ആഗോള ഹെൽത്ത്‌കെയർ ലാൻഡ്‌സ്‌കേപ്പിനെക്കുറിച്ചുള്ള പതിവ് വിലയിരുത്തലിന് അനുസൃതമായി, എമിറേറ്റിൽ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും സംശയിക്കപ്പെടുന്നതോ സ്ഥിരീകരിച്ചതോ ആയ ഏതെങ്കിലും കുരങ്ങുപനി കേസുകളിൽ ജാഗ്രത പാലിക്കാൻ അബുദാബി ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ യൂറോപ്പിലെയും യുഎസിലും നിരവധി കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.