വിദേശികളുടെ എണ്ണം കുറയ്ക്കല്‍: പാർലമെന്‍ററി മാനവ വിഭവശേഷി വികസന സമിതി യോഗം ചേര്‍ന്നു
Monday, August 10, 2020 5:57 PM IST
കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന സർക്കാർ, പാർലമെന്‍റ് നിർദേശങ്ങൾ ചര്‍ച്ച ചെയ്യുന്നതിനായി പാർലമെന്‍ററി മാനവ വിഭവശേഷി വികസന സമിതി യോഗം ചേര്‍ന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

നയങ്ങൾ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി സാമൂഹിക കാര്യമന്ത്രി മറിയം അൽ അഖീലിനെ സന്ദര്‍ശിക്കുമെന്നും സമിതി ചെയര്‍മാന്‍ ഖലീൽ അൽ സലേ പറഞ്ഞു. നേരത്തെ പാര്‍ലമെന്‍റ് അംഗങ്ങള്‍ സമർപ്പിച്ച ഏഴ് നിർദേശങ്ങളും സമിതി അവലോകനം ചെയ്യും. ജനസംഖ്യാപരമായ ഘടനയെ സന്തുലിതമാക്കുന്നതിനായി രാജ്യത്തെ വിദേശിസമൂഹങ്ങള്‍ക്കായി ക്വാട്ടസമ്പ്രദായം നടപ്പിലാക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് എംപിമാര്‍ നിര്‍ദ്ദേശിച്ചത്.

വിസിറ്റിംഗ് വീസയെ റെസിഡൻസി വീസയാക്കി മാറ്റാൻ അനുവദിക്കാതിരിക്കുക, സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് വിദേശികള്‍ക്ക് ജോലിമാറ്റം അനിവാദിക്കാതിരിക്കുക, 60 വയസിനു മുകളിലുള്ള വിദേശികള്‍ക്ക് റസിഡൻസി അനുവദിക്കാതിരിക്കുക, വിദേശികളില്‍ നിന്നും ഈടാക്കുന്ന ഫീസുകളില്‍ വര്‍ധന നടപ്പിലാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരിഗണയില്‍ ഉണ്ടെന്ന് അൽ റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ - പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഒരു ലക്ഷത്തി അറുപതിനായിരം വിദേശി ജോലിക്കാര്‍ക്ക് പകരമായി സ്വദേശികള്‍ക്ക് അവസരം ഉടന്‍ തന്നെ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റവും പുതിയ പഠന പ്രകാരം രാജ്യത്ത് ഒരു ലക്ഷത്തോളം വിദേശികള്‍ അനധികൃതമായി കഴിയുന്നുണ്ട്. അതോടൊപ്പം രണ്ടര ലക്ഷത്തിലേറെ അവിദഗ്ധ തൊഴിലാളികളും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നതായാണ് കണക്കാക്കുന്നത്.

രാജ്യത്തെ നിരക്ഷരായ വിദേശി തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതും പ്രവാസി പുരുഷന്മാരുടെ എണ്ണം സ്ത്രീകളേക്കാൾ മൂന്നിൽ ഒന്നായി കവിയുന്നതും വലിയ സുരക്ഷാ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും സമിതി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. വിവിധ മന്ത്രാലയങ്ങളുടെ താൽക്കാലിക തൊഴിൽ കരാറുകളില്‍ നിന്നും 30 ശതമാനത്തോളം ജീവനക്കാരെ കുറയ്ക്കുവാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2005 നും 2019 നും ഇടയിൽ കുവൈറ്റിലെ ജനസംഖ്യ ഇരട്ടിയിലധികമായാണ് ഉയര്‍ന്നത്. പുതിയ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 4.42 ദശലക്ഷമാണ്. ഈ കാലയളവില്‍ പൗരന്മാരുടെ വര്‍ധന 8,60,000 ൽ നിന്ന് 1.335 ദശലക്ഷമായെങ്കില്‍ വിദേശി ജനസംഖ്യയുടെ വര്‍ധന 1.33 ദശലക്ഷത്തിൽ നിന്ന് 3.08 ദശലക്ഷമാണ്. ജനസംഖ്യയുടെ അസന്തുലിതാവസ്ഥ രാജ്യത്തെ സുരക്ഷ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പ്രത്യാഘാതങ്ങൾ കാരണമാകുമെന്നും സമിതി വിലയിരുത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ