കൗതുകമുണർത്തി ആദ്യ മലയാള സൂം വാർത്താസമ്മേളനം
Thursday, May 21, 2020 6:30 PM IST
അബുദാബി : യു എ ഇ യിലെ മാധ്യമ പ്രവർത്തകർക്ക് പുതിയ അനുഭവമായിരുന്നു ഇന്നലെ . ഒരു പക്ഷെ ജി സി സി രാജ്യത്തെ ആദ്യ സൂം മലയാള വാർത്തസമ്മേളനത്തിനാണ് അവർ സാക്ഷ്യം വഹിച്ചത് .പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ യൂസഫലിയാണ് ആദ്യ സൂം വാർത്താസമ്മേളനമൊരുക്കിയത്. സാധാരണ നക്ഷത്ര ഹോട്ടലുകളിലെ ബാൾ റൂമുകളിൽ സംഘടിപ്പിച്ചിരുന്ന വാർത്താസമ്മേളനത്തിൽ സ്വന്തം ഓഫീസുകളിൽ നിന്നും വീടുകളിൽ നിന്നും വാഹനങ്ങളിൽ നിന്നും പങ്കു ചേരുന്നതിന്റെ കൗതുകത്തിലായിരുന്നു മാധ്യമ പ്രവർത്തകർ .ചിലർ പങ്കെടുത്തത് നാട്ടിൽ നിന്നുമാണ് . ഏറെ നാളായി പരസ്പരം കാണാതിരുന്നവർ സൂമിൽ സൗഹൃദം പുതുക്കി .

കോവിഡ് ബാധയെത്തുടർന്ന് ലോകത്തുണ്ടായ മാറ്റങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് നാം തയാറാകണമെന്ന് യൂസഫലി ആമുഖമായി സൂചിപ്പിച്ചു. ആധുനിക സാങ്കേതിക സൗകര്യങ്ങളും കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങളും സ്വീകരിക്കപ്പെടണം .

വിമാനയാത്രകൾ മുടങ്ങിയതോടെ ഞാനിപ്പോൾ വായനയിലാണ് .നേരത്തെ വിമാന യാത്രക്കിടെ മാത്രമേ വായിക്കുമായിരുന്നുള്ളൂ. എന്നാലിപ്പോൾ വായനയ്ക്ക് കൂടുതൽ സമയം ലഭിച്ചു . ഇന്നലകളിൽ വിസ്‌മയം തീർത്ത മഹാന്മാരുടെയും ആദ്ധ്യാത്മിക ചിന്തകൾ ഉയർത്തുന്ന മഹാരഥന്മാരുടെ പുസ്തകങ്ങളിൽ കൂടിയുമാണ് ഇപ്പോൾ വായന മുന്നേറുന്നത് . വ്യാപാരം മനസി‌ൽ നിന്ന് മാറ്റി ആധ്യാത്മിക ചിന്തകളിലേക്ക് മനസ് കേന്ദ്രീകരിക്കാൻ ഉചിതമായ സമയമാണിത് - യൂസഫലി പറഞ്ഞു .

യു എ ഇ യിലെ പത്ര - ടി വി -റേഡിയോ മാധ്യമങ്ങളിൽ നിന്നുള്ള മുപ്പതോളം പേരാണ് വാർത്താസമ്മേളനത്തിൽ പങ്കുചേർന്നത് .ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻസ് ഓഫിസർ വി. നന്ദകുമാർ മോഡറേറ്ററായിരുന്നു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള