വീട്ടിലേക്കു ചെരിഞ്ഞുനിൽക്കുന്ന കൂറ്റൻ മരം അപകടഭീഷണി
1298460
Tuesday, May 30, 2023 12:46 AM IST
ഒറ്റപ്പാലം: ലക്കിടിയിൽ വീട്ടിലേക്ക് ചെരിഞ്ഞുനിൽക്കുന്ന കൂറ്റൻ മരം അപകട ഭീഷണി ഉയർത്തുന്നു. വേനൽമഴയുടെ ഭീതിയിൽ കഴിഞ്ഞിരുന്ന ഈ വീട്ടിൽ താമസിക്കുന്നവർ വരാനിരിക്കുന്ന കാലവർഷത്തിന് മുന്‍പെങ്കിലും മര ശിഖരങ്ങൾ മുറിച്ച് മാറ്റണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.
മംഗലം കല്ലിക്കാട്ടിൽ ഗീതയുടെ വീടിനു മുകളിലേക്കു ചാഞ്ഞു നിൽക്കുന്ന മരമാണു കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നത്. സംസ്ഥാന പാതയോരത്തു നിൽക്കുന്ന വലിയ വാക മരമാണ് അപകടഭീഷണിയായി നിൽക്കുന്നത്.
2020 നവംബർ മാസത്തിൽ മരക്കൊന്പ് വെട്ടിമാറ്റണമെന്നാവശ്യപ്പെട്ടു പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും പരാതി നൽകി. നടപടികൾ ഉണ്ടാകാത്തതിനാൽ പരാതി പിന്നീട് ആർഡിഒ, സബ് കളക്ടർ, കളക്ടർക്കു വരെ നൽകി. വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും നടപടിയായില്ല.
മാസങ്ങൾക്കു മുൻപു മരത്തിന്റെ കൊന്പു പൊട്ടി മതിലിലേക്കു വീഴുകയും ചെയ്തു. വിണ്ടു കീറിയ മതിൽ കഴിഞ്ഞ മാസം 25നു പൂർണമായി തകരുകയും ചെയ്തു. റോഡിലേക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങൾ വെട്ടി നീക്കിയിട്ടും വീട്ടിലേക്കു ഭീഷണിയായ മരം വെട്ടി മാറ്റാൻ അധികൃതർ തയാറായില്ല.
ഗീതയുടെ അമ്മ ദേവകിയും ഭർത്താവും മകളുമടങ്ങുന്ന നാലംഗ കുടുംബം വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ്. പൊതുമരാമത്തു വകുപ്പിന്റെ അദാലത്തിൽ ഒടുവിൽ പരാതി നൽകി കാത്തിരിക്കുകയാണ് ഈ കുടുംബം. ഈ കാലവർഷത്തിൽ മരം കൊന്പുകൾ വീട്ടിലേക്ക് പൊട്ടി വീഴും എന്ന കാര്യം ഉറപ്പാണ്. ഇവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിണറിലേക്ക് മരത്തിൻറെ ഇലകൾ വീണ് വെള്ളം ഉപയോഗിക്കാനാകാത്ത അവസ്ഥയും ഉണ്ട്.