കോഴിക്കടകൾക്ക് എൻഒസി: നടപടി കർശനമാക്കാൻ കളക്ടറുടെ നിർദേശം
1280080
Thursday, March 23, 2023 12:26 AM IST
പാലക്കാട്: ജില്ലയിൽ പ്രവർത്തിക്കുന്ന കോഴി അറവ് മാലിന്യ സംസ്കരണ പ്ലാന്റുകൾക്കുള്ള എൻഒസി നൽകുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും ജില്ലാതല ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്നു.
ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന കോഴിക്കടകൾക്ക് ലൈസൻസ് നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കടകൾ അംഗീകരിച്ച റെന്ററിംഗ് പ്ലാന്റുകളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര നിർദേശിച്ചു.
അന്യസംസ്ഥാനങ്ങളിൽ നിന്നും കോഴി അറവുമാലിന്യങ്ങൾ ജില്ലയിലേക്ക് കൊണ്ടുവരുന്നത് തടയുന്നതിന് പോലീസിന്റെ കർശന പരിശോധനയും ആവശ്യപ്പെട്ടു.
നിലവിൽ ജില്ലയിൽ ആറ് റെന്ററിംഗ് പ്ലാന്റുകൾക്കാണ് ഡിഎൽഎഫ്എംസി പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.
യോഗത്തിൽ ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ ടി.ജി. അബിജിത്, പൊല്യൂഷൻ കണ്ട്രോൾ ബോർഡ് സീനിയർ എക്സിക്യൂട്ടീവ് എൻജിനീയർ എം.എൻ കൃഷ്ണൻ, പഞ്ചായത്ത് അസി. ഡയറക്ടർ ജി. ശ്രീകുമാർ, ശുചിത്വമിഷൻ ടെക്നിക്കൽ കണ്‍സൾട്ടന്റ് പി. ഹാറൂണ്‍ അലി, അസി. പ്രൊഫ. ഡോ. വൃന്ദ കെ. മേനോൻ പങ്കെടുത്തു.