ബേക്കറിയില്‍നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട
1567960
Tuesday, June 17, 2025 2:03 AM IST
പുതുക്കാട്: സെന്ററിലെ ബേക്കറിയില്‍നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട. ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരുംചേര്‍ന്ന് ബേക്കറി അടപ്പിച്ചു.
പുതുക്കാട് സിഗ്നല്‍ ജംഗ്ഷനുസമീപം പ്രവര്‍ത്തിക്കുന്ന ഈറ്റ്സ് ആന്‍ഡ് ട്രീറ്റ്സ് എന്ന ബേക്കറിയില്‍നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്. പുതുക്കാട് കേരള ബാങ്കിലെ ജീവനക്കാര്‍ തിങ്കളാഴ്ച രാവിലെ വാങ്ങിയ പരിപ്പുവടയില്നിന്നാണ് തേരട്ടയെ കിട്ടിയത്. ഉടന്‍തന്നെ ബാങ്ക് ജീവനക്കാര്‍ ആരോഗ്യവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. പുതുക്കാട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്. രാജേഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനനടത്തിയശേഷം ബേക്കറി അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാലുപേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരാള്‍ക്കുമാത്രമാണ് ഹെൽത്ത് കാര്‍ഡ് ഉള്ളതെന്നും രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന കടയില്‍ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം പാകംചെയ്യുന്നതെന്നും അധികൃതര്‍ പറഞ്ഞു. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അബ്ദുല്‍ റസാഖ്, നിമ്മി, പഞ്ചായത്തുതല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജി. ഗീതു പ്രിയ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.