ബസുകളുടെ സമയക്രമം, തര്‍ക്കം പരിഹരിച്ചു
1567954
Tuesday, June 17, 2025 2:03 AM IST
ഇരിങ്ങാലക്കുട: കാട്ടൂര്‍ വഴി തൃപ്രയാറിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളുടെ സമയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പരിഹാരമായി.
ആര്‍ടിഒ ജയേഷ്കുമാറിന്റെ നേതൃത്വത്തില്‍ ബസുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ കാട്ടൂര്‍ മുതല്‍ താണിശേരി വരെ ബസുകള്‍ക്ക് സഞ്ചരിക്കാന്‍ 11 മിനിറ്റായി യോഗത്തില്‍ നിശ്ചയിച്ചു. ഈ റൂട്ടിലോടുന്ന എല്ലാ ബസുകള്‍ക്കും സഞ്ചാരസമയം മൂന്നു മിനിറ്റ് കുറയ്ക്കുകയും ചെയ്തു.
ബസുകള്‍ പുതിയ സമയക്രമത്തില്‍ സര്‍വീസ് ആരംഭിച്ചു.
ഇരിങ്ങാലക്കുട- കാട്ടൂര്‍- തൃപ്രയാര്‍ റൂട്ടില്‍ 18 ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഏറെ നാളായി ഈ റൂട്ടില്‍ സമയത്തെച്ചൊല്ലി ബസ്സുടമകളും ജീവനക്കാരും നിരന്തരം തര്‍ക്കം ഉണ്ടായിരുന്നു.
തുടര്‍ന്ന് ഗതാഗതവകുപ്പ് മന്ത്രി അടക്കമുള്ളവര്‍ പ്രശ്നത്തില്‍ ഇടപെട്ട് സമയക്രമം പാലിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഈ റൂട്ടില്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചശേഷം പ്രശ്നപരിഹാരത്തിനായി ബസുകളുടെ പുതിയ സമയക്രമം നിശ്ചയിച്ച് ഉടമകള്‍ക്ക് നല്‍കിയെങ്കിലും ചില ബസുടമകളും ജീവനക്കാരും അത് പാലിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ആര്‍ടിഒ ബസുടമകളുടെ പ്രത്യേക യോഗം വിളിച്ച് പരിഹാരമുണ്ടാക്കിയത്.
യോഗത്തില്‍ എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ടര്‍ പി.വി. ബിജു, ബസുടമകളെ പ്രതിനിധീകരിച്ച് വിവിധ സംഘടനാ നേതാക്കളായ അബ്ദുല്‍ കരീം, കെ.കെ. സേതുമാധവന്, നൗഫല്‍, സി.സി. ആന്റോ, നന്ദകുമാര്‍, കെ.എന്‍. സന്ദീപ്, സജീവന് മേനോന്, സി.പി. രാജു എന്നിവരും പങ്കെടുത്തു.