സൗന്ദര്യവർധക സാധനങ്ങൾ മോഷ്ടിക്കുന്നയാൾ പിടിയിൽ
1515313
Tuesday, February 18, 2025 3:30 AM IST
പിറവം: കടകളിൽനിന്നും സാധാനങ്ങൾ മോഷ്ടിക്കുന്ന യുവാവിനെ വ്യാപാരികൾ പിടികൂടി. പോലീസിൽ ഏൽപ്പിച്ചുവെങ്കിലും മാനസിക അസ്വാസ്ഥ്യതയുള്ള ആളാണെന്ന് മനസിലായതിന്നെത്തുടർന്ന് വിട്ടയച്ചു.
സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽനിന്നു 20 രൂപയുടെ ഷാംപു വാങ്ങി പണം നൽകിയ ശേഷം ഷാംപു വാങ്ങാതെ ധൃതിയിൽ പുറത്തേക്ക് പോയപ്പോൾ തിരികെവിളിച്ചു. ഈ സമയത്താണ് മനസിലായത് ഇയാൾ ഏതാനും ആഴ്ചകൾക്കു മുമ്പ് സാധാനങ്ങൾ മോഷ്ടിച്ചിട്ടുള്ള ആളാണെന്ന്. അന്ന് സിസി ടിവിയിൽ കണ്ട അതേവേഷം തന്നെയാണ് ധരിച്ചിരുന്നത്.
ഇതിനിടെ കടയിൽനിന്നു മോഷ്ടിച്ച വില കൂടിയ ബ്ലേഡിന്റെ പാക്കറ്റ് ആരും കാണാതെ അലമാരിയിൽ വയ്ക്കുകയും ചെയ്തു.പിന്നീട് പോലീസെത്തി പരിശോധിച്ചപ്പോൾ ഇയാളുടെ സഞ്ചിയിൽനിന്ന് മാർക്കറ്റിന് സമീപമുള്ള സൂപ്പർ മാർക്കറ്റിൽനിന്നു മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്തി.
മുഖത്ത് തേയ്ക്കുന്ന വിവിധ തരത്തിലുള്ള സൗന്ദര്യവർധക സാധനങ്ങൾ മാത്രമാണ് ഇയാൾ മോഷ്ടിക്കുന്നത്.നേരത്തെ കുത്താട്ടുകുളത്ത് ഒരു സ്ഥാപനത്തിൽനിന്നു മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് റിമാൻഡിൽ പോയിട്ടുള്ളതാണ്. മാനസിക അസ്വാസ്ഥ്യമുള്ളതിനാൽ വ്യാപാരികൾ പരാതി നൽകാൻ തയാറായില്ല. ഇതേത്തുടർന്നാണ് പോലീസ് ഇയാളെ വിട്ടയച്ചത്.