ഒഴുക്കിൽപ്പെട്ട് അപകടം : മകൾക്ക് പിന്നാലെ അമ്മയും മരിച്ചു
1515007
Monday, February 17, 2025 4:16 AM IST
കോതമംഗലം: കോഴിപ്പിള്ളി പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് മരിച്ച മകൾക്ക് പിന്നാലെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. കോഴിപ്പിള്ളി ആര്യപ്പിള്ളിൽ (പാറയ്ക്കൽ) അബിയുടെ ഭാര്യ ജോമിനിയാ(39)ണ് മരിച്ചത്. ഇവരുടെ മകൾ മരിയ ശനിയാഴ്ച മരിച്ചിരുന്നു.
പുഴയിലെ പരത്തര കടവിന് സമീപത്തെ ചെക്ക്ഡാമിന് താഴെ ശനിയാഴ്ച വൈകുന്നേരം 6.15നാണ് അപകടം സംഭവിച്ചത്. ഒഴുക്കിൽപ്പെട്ട് കയത്തിൽ മുങ്ങിത്താഴ്ന്ന മരിയയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജോമിനിയും മുങ്ങിത്താഴുകയായിരുന്നു. കരയിൽനിന്ന ഇളയകുട്ടി ജൂലിയയുടെ നിലവിളി കേട്ട് ഓടിയെത്തിയവർ അറിയിച്ചതിനെ തുടർന്ന് അഗ്നി രക്ഷാസേന എത്തിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിയ മരിച്ചിരുന്നു. അതീവഗുരുതരാവസ്ഥയിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ജോമിനിയെ ഇന്നലെ ഉച്ചകഴിഞ്ഞ് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.
ഭർത്താവ് അബി ഇരുമലപ്പടി ഈസ്റ്റേണ് കറിപ്പൊടി കന്പനി ജീവനക്കാരനാണ്. മരിയയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി എംബിഎംഎം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജോമിനിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. കോഴിപ്പിള്ളി പാർക്ക് വ്യു ജംഗ്ഷനിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ജോമിനി.
മരിയ കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ 10-ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ഇരുവരുടെയും സംസ്കാരം ഇന്ന് മൂന്നിന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിൽ. ഇളയമകൾ ജൂലിയ കോഴിപ്പിള്ളി മർത്തമറിയം പബ്ലിക് സ്കൂൾ വിദ്യാർഥിനിയാണ്.