മഴയിലും ചൂടുപിടിച്ച് സ്കൂള്‍ വിപണി
1425335
Monday, May 27, 2024 6:55 AM IST
കൊച്ചി: സ്കൂള്‍ തുറക്കാന്‍ ഒരാഴ്ച മാത്രം സ്കൂള്‍ വിപണിയില്‍ തിരക്കോട് തിരക്ക് പുത്തന്‍ ട്രെന്‍ഡുകളുമായി കുട്ടികളെ ആകര്ഷിക്കാനുള്ളതൊക്കെ വിപണിയില്‍ ഇതിനകം എത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വരെ വിലവർധനയാണ് ഇത്തവണ വിപണിയില്‍ ഉണ്ടായിട്ടുള്ളത്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് വിപണിയില്‍ വിലകൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നു.
ഈ മാസം ആദ്യവാരം മുതല്‍ത്തന്നെ ജില്ലയില്‍ സ്കൂള്‍വിപണി സജീവമായിത്തുടങ്ങിയിരുന്നു. പകുതിയോടെ തിരക്കേറിത്തുടങ്ങി. ബാഗും കുടയും ചെരിപ്പും നോട്ടുബുക്കുകളും ലഞ്ച് ബോക്സുമെല്ലാം വാങ്ങാനുള്ള തിരക്കാണ് കടകളിലെങ്ങും. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ എറണാകുളം ബ്രോഡ് വേയില്‍ അവധിദിനമായിരുന്നിട്ടും ഇന്നലെയും സ്കൂള്‍ വിപണി സജീവമായിരുന്നു.
ബ്രാന്‍ഡ് അനുസരിച്ച് ബാഗിന് 400 മുതല്‍ 2,500 രൂപ വരെയാണ് വില. 350 നും ബാഗുകള്‍ വില്‍പ്പനയ്ക്കുണ്ട്. ആനിമേഷന്‍ ചിത്രമുള്ള ത്രീഡി ബാഗുകള്‍ക്ക് 850 രൂപക്കു മുകളിലാണ് വില. സ്പൈഡര്‍മാന്റെയും ഡോറയുടെയും ബാര്‍ബിയുടെയും ചിത്രങ്ങള്‍ പതിച്ച ബാഗുകളോടാണ് കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം. ഇതിനു പുറമേ കുടകള്‍, സൈഡ് ബാഗുകള്‍, ചെരിപ്പ്, മഴ കോട്ടുകള്‍ തുടങ്ങിയവയും വിപണി കീഴടക്കിയിട്ടുണ്ട്.
മഴ കനത്തതോടെ കുടയ്ക്കും മഴ കോട്ടുകള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നത്. 100 രൂപ മുതല്‍ 3000 രൂപ വരെയുള്ള മഴ കോട്ടുകളും 350 രൂപ മുതല്‍ 850 രൂപ വരെയുള്ള കാലന് കുടകളും വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ബ്രാന്‍ഡഡ് ഉല്പന്നങ്ങള്ക്കു വില കൂടുതലാണെങ്കിലും ഇവയുടെ ഗുണമേന്മ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
വാട്ടര്‍ ബോട്ടിലുകള്‍, ടിഫിന്‍ ബോക്സ് എന്നിവയ്ക്ക് യഥാക്രമം 200, 150 എന്നിങ്ങനെയാണു കുറഞ്ഞവില. ത്രീഫോള്‍ഡ് കുടകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. നോട്ട് ബുക്കുകള്‍ക്ക് 5 മുതല്‍ 10 രൂപ വരെയാണ് വില വര്‍ധിച്ചിട്ടുള്ളത്. മഴ കനക്കുമെങ്കിലും വരും ദിവസങ്ങളില്‍ കച്ചവടം നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയാരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.