കണ്ണിൽ പൊടിയിടാനുള്ള വിദ്യ: ജോയി വെട്ടിക്കുഴി
1598655
Friday, October 10, 2025 10:26 PM IST
കട്ടപ്പന: പ്രതിപക്ഷത്തിന്റെ നിർദേശങ്ങൾ അവഗണിച്ച് നിയമസഭ പാസാക്കിയ കേരള വന്യജീവി സംരക്ഷണ ഭേദഗതി ബിൽ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വനാതിർത്തികളിൽ താമസിക്കുന്നവരുടെ കണ്ണിൽപ്പൊടിയിടാനുള്ള സർക്കാരിന്റെ ചെപ്പടിവിദ്യയാണെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആരോപിച്ചു.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ പതിനൊന്നാം വകുപ്പ് അനുസരിച്ച് മനുഷ്യജീവന് ഹാനികരമായ പട്ടിക ഒന്നിൽപ്പെട്ട വന്യമൃഗങ്ങളെ വെടിവയ്ക്കുന്നതിന് ഉത്തരവ് നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനും മറ്റു പട്ടികകളിൽപ്പെട്ട മൃഗങ്ങളെ വെടിവയ്ക്കുന്നതിന് ഉത്തരവിടുന്നതിന് അദ്ദേഹത്തിനോ അല്ലെങ്കിൽ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അധികാരം ഉണ്ടായിരിക്കുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
കേന്ദ്രനിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥ ഒരിക്കൽക്കൂടി സംസ്ഥാന സർക്കാരിന്റെ നിയമത്തിൽ ആവർത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഈ വ്യവസ്ഥ നടപ്പാക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാർ സമാന വ്യവസ്ഥ സംസ്ഥാന നിയമത്തിൽ ഉൾപ്പെടുത്തിയതുകൊണ്ട് ജനങ്ങൾക്ക് പ്രയോജനമില്ല.
ആക്രമണകാരികളായ വന്യമൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങിയാൽ വെടിവയ്ക്കുന്നതിന് ഉത്തരവിടുന്നതിന് ജില്ലാ ഫോറസ്റ്റ് ഓഫീസർക്കോ അല്ലെങ്കിൽ ചീഫ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റിനോ അധികാരം നൽകണമെന്ന് യുഡിഎഫ് നിർദേശിച്ചതാണ്.
കാട്ടുപന്നി പോലെ ജനവാസമേഖലയിൽ മനുഷ്യന്റെ ജീവനും കൃഷിക്കും ഒരുപോലെ ഭീഷണിയായിരിക്കുന്ന മൃഗങ്ങളെ വെടിവയ്ക്കുന്നതിനും അതിന്റെ മാംസം ഭക്ഷിക്കുന്നതിനുമുള്ള അനുമതി ജനങ്ങൾക്ക് നൽകി നിയമം കാലാനുസൃതമായി പരിഷ്കരിക്കണമെന്ന നിർദേശവും അംഗീകരിച്ചില്ല.
തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം അവശേഷിച്ചിരിക്കുന്പോൾ രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമായ ബിൽ ഈ സർക്കാരിന്റെ കാലത്ത് നിയമവാകുകയില്ലെന്ന് ഉറപ്പാണ്. നിലവിലെ സർക്കാരിന്റെ കാലത്ത് നിയമം ആക്കാൻ കഴിയാത്തതും ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലാത്തതുമായ ഇടതുപക്ഷത്തിന്റെ തട്ടിപ്പ് നീക്കങ്ങൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.