പച്ച ഏലക്ക മോഷണം: സഹോദരങ്ങൾ അറസ്റ്റിൽ
1598652
Friday, October 10, 2025 10:26 PM IST
നെടുങ്കണ്ടം: മാവടിയില്‍ തോട്ടത്തില്‍നിന്നു ഏലത്തിന്റെ ശരം അറുത്തു ഏലക്കാ മോഷ്ടിച്ച സഹോദന്മാര് അറസ്റ്റില്‍. മാവടി മുളകുപാറയില്‍ വിഷ്ണു (30), ജയകുമാര്‍ (31), മുരുകേശന് (34) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 9.30ഓടെയാണ് ഇവര്‍ മോഷണം നടത്തിയത്. മാവടി ഉപ്പൂറ്റില് സാബു തോമസിന്റെ തോട്ടത്തില്‍നിന്ന് അഞ്ച് വര്‍ഷം പ്രായമുള്ള ഏലച്ചെടിയുടെ ശരം മുറിച്ചും ഒടിച്ചും എടുത്തുകൊണ്ടുപോയി കായ വേര്‍തിരിച്ച് വില്പന നടത്തുകയുമായിരുന്നു. സിസിടിവി ദ്യശ്യങ്ങളില്‍നിന്ന് ഇവര്‍ ഏലക്കായുമായി ബൈക്കില്‍ പോകുന്നത് കണ്ടതിനെത്തുടര്‍ന്ന് ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഏലക്കാ കഴിഞ്ഞ ദിവസം മുള്ളരിക്കുടിയിലുള്ള ഏലം സ്റ്റോറില്‍ വില്പന നടത്തിയതായും കണ്ടെത്തി. ഇന്നലെ വൈകുന്നരത്തോടെ പ്രതികളെ ഇവരുടെ വീട്ടില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മാവടി, ഉറത്തുമുട്ടത്തുകുന്നേല് അപ്പച്ചന്റെ തോട്ടത്തില്‍നിന്നു മരുന്നടിക്കുന്ന ഡ്രം, പൈപ്പുകള്‍ തുടങ്ങിയവ മോഷണം പോയിരുന്നു. കഴിഞ്ഞയാഴ്ച ഇതേ തോട്ടത്തില്‍ പച്ച ഏലക്കായും മോഷണവും നടന്നിരുന്നു. മേഖലയില്‍ പച്ച ഏലക്കാ മോഷണം പതിവായിരിക്കുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു.