നെടുങ്കണ്ടത്തെ വൈദ്യുതി ഓഫീസുകള്‍ ഇനി ഒരു കുടക്കീഴില്
1459656
Tuesday, October 8, 2024 6:45 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടത്തെ വൈദ്യുതി ഓഫീസുകള്‍ ഇനി ഒറ്റ കുടക്കീഴില്. കല്ലാറില്‍ പണി പൂര്‍ത്തീകരിച്ച മിനി വൈദ്യുതി ഭവനിലേക്കാണ് അഞ്ച് ഓഫീസുകള്‍ മാറുന്നത്. രണ്ടു കോടി 20 ലക്ഷം രൂപ മുടക്കിയാണ് മൂന്നു നിലകളിലായി വൈദ്യുതിഭവന് നിര്‍മിച്ചത്.
ഇലക്ട്രിക്കല്‍ സബ് ഡിവിഷന് ഓഫീസ്, ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ്, ട്രാന്‍സ് ഗ്രിഡിന്റെ മൂന്ന് ഓഫീസുകള്‍ എന്നിവയാണ് മിനി വൈദ്യുതി ഭവനില്‍ ഇനി പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തില്‍ കോണ്‍ഫറന്‍സ് ഹാളും പാര്‍ക്കിംഗ് സൗകര്യവും വൈദ്യുതി പോസ്റ്റ്, മറ്റുപകരണങ്ങള്‍ തുടങ്ങിയവ സൂക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്.
സമുച്ചയത്തിന്റെ സമീപത്തായി ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കട്ടപ്പന ഡിവിഷന് ഓഫീസിനു കീഴിലെ മികച്ച കെട്ടിടസമുച്ചയമാണ് കല്ലാറിലേത്. എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കെയാണ് വൈദ്യുതി ഭവനുവേണ്ടി ഫണ്ട് അനുവദിച്ചത്. മിനി വൈദ്യുതിഭവന് 24ന് വൈദ്യുതിവകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി നാടിനു സമര്‍പ്പിക്കും.