മലയോരജനതയുടെ സ്വപ്നം പൂവണിയുന്നു; തൊടുപുഴ-ഇടുക്കി ദൂരം കുറയുന്നു
1598487
Friday, October 10, 2025 5:18 AM IST
തൊടുപുഴ: മലയോര ജനതയുടെ ചിരകാല അഭിലാഷമായ മണിയാറൻകുടി- കൈതപ്പാറ- ഉടുന്പന്നൂർ റോഡ് യാഥാർഥ്യമാകുന്നു. പ്രദേശവാസികളുടെ നാളുകളായുള്ള സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ഈ റോഡ് യാഥാർഥ്യമാകുന്നതോടെ തൊടുപുഴയിൽനിന്ന് ഇടുക്കിയിലേക്കു കുറഞ്ഞ ദൂരത്തിൽ എത്താനാകും.
നീണ്ട കാത്തിരിപ്പിനൊടുവിലാണ് റോഡിന്റെ ടെൻഡർ പൂർത്തീകരിച്ചത്. എന്നാൽ, വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ നിർമാണം അനിശ്ചിതമായി നീളുകയായിരുന്നു. അടുത്ത മാർച്ചിനു മുന്പ് നിർമാണം ആരംഭിച്ചില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുമെന്ന സാഹചര്യമായിരുന്നു. ഇതേത്തുടർന്നു മന്ത്രി റോഷി അഗസ്റ്റിൻ മുൻകൈയെടുത്തു വനംമന്ത്രി എ.കെ. ശശീന്ദ്രനുമായി ചർച്ചനടത്തുകയും നിലവിലുള്ള വീതിക്കു നിർമാണം ആരംഭിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
മണിയാറൻകുടിയിൽ തുടക്കം
റോഡിന്റെ നിർമാണോദ്ഘാടനം നാളെ രാവിലെ ഒന്പതിനു മണിയാറൻകുടിയിൽ നടക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ നിർമാണ ഉദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിൻ പൊതുസമ്മേളന ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും നിർവഹിക്കും.
ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിക്കും. മണിയാറൻകുടിയിൽനിന്ന് 18.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് രണ്ട് റീച്ചുകളിലായി പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 14.82 കോടി രൂപ അനുവദിച്ചാണ് നിർമാണം ആരംഭിക്കുന്നത്. യോഗത്തിൽ എംഎൽഎമാരായ എം.എം. മണി, പി.ജെ. ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാംസ്കാരിക സാമൂഹിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.