പാചകവാതക വിതരണം താളംതെറ്റി; കണ്ണുംനട്ട് വീട്ടമ്മമാർ
1598644
Friday, October 10, 2025 10:26 PM IST
തൊടുപുഴ: ഏതാനും ആഴ്ചകളായി ജില്ലയിൽ പല മേഖലകളിലും പാചകവാതക വിതരണം താളം തെറ്റി. കൊച്ചി ഉദയംപേരൂർ പ്ലാന്റിലെ സമരത്തെത്തുടർന്നാണ് ജില്ലയിലെ പാചകവാതക വിതരണം താളം തെറ്റിയത്. സമരം പിൻവലിച്ചിട്ടും പാചകവാതക വിതരണം കാര്യക്ഷമമായിട്ടില്ല.
പല മേഖലകളിലേക്കും ആഴ്ചകളായി വിതരണ വാഹനം എത്തുന്നില്ലെന്നാണ് പരാതി. സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ ഏജൻസികളിലേക്ക് ആവശ്യക്കാർ എത്തുന്നുണ്ടെങ്കിലും പലർക്കും നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ്. നഗരമേഖലയിലെ കുടുംബങ്ങളാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്.
ഓരോ ആഴ്ചയിലും ഓരോ മേഖല കേന്ദ്രീകരിച്ചണ് വിതരണ വാഹനങ്ങൾ എത്തുന്നത്. എന്നാൽ വാഹനം എത്തുന്നതു കാത്തിരിക്കുന്ന വീട്ടമ്മമാർക്ക് നിരാശയായിരുന്നു ഫലം. ഏജൻസിയിൽ വിളിച്ചുചോദിച്ചപ്പോൾ സിലിണ്ടറുകൾ എത്തുന്നില്ലെന്നായിരുന്നു മറുപടി. ഏജൻസിയിൽ എത്തിയാൽ ലഭിക്കുമോയെന്ന ചോദ്യത്തിന് അധികൃതർക്ക് കൃത്യമായ ഉത്തരവും ഇല്ലായിരുന്നു. ഓണക്കാലം മുതൽ പ്ലാന്റിലെ തൊഴിലാളികൾ മെല്ലെപ്പോക്ക് സമരത്തിലാണെങ്കിലും വിജയദശമി അവധിക്കു ശേഷമാണ് ക്ഷാമം കൂടുതൽ രൂക്ഷമായത്.
പ്ലാന്റിൽനിന്ന് ജില്ലയിലേക്ക് പ്രതിദിനം അയയ്ക്കുന്ന എൽപിജി ലോഡുകളുടെ എണ്ണത്തിൽ 50 മുതൽ 60 വരെ കുറവുണ്ടായത് കാരണം ജില്ലയിലെ ഗ്യാസ് വിതരണക്കാർക്ക് ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാൻ കഴിയുന്നില്ല.
150ന് മുകളിൽ സിലിണ്ടറുകൾ പ്രതിദി
നം എത്തിയിരുന്ന റൂട്ടുകളിലേക്ക് ഇപ്പോൾ 50ൽ താഴെ മാത്രമേ എത്തുന്നുള്ളൂ. സമരം അയഞ്ഞതോടെ വരുംദിവസങ്ങളിൽ വിതരണം സാധാരണ നിലയിലേക്ക് എത്തുമെന്നാണ് ഏജൻസികൾ പറയുന്നത്.
എന്നാൽ ദിവസങ്ങൾക്കു മുന്പേ ബുക്ക് ചെയ്താലും സിലിണ്ടറുകൾ ലഭ്യമാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
മന്ത്രിക്ക് കത്തു
നൽകി: എംപി
തൊടുപുഴ: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഉദയംപേരൂരിലെ ബോട്ടിലിംഗ് പ്ലാന്റിലുണ്ടായ തൊഴിലാളി സമരത്തെത്തുടർന്ന് ജില്ലയിൽ ഇൻഡേൻ പാചകവാതക സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്ത് നൽകി.
സമരം പിൻവലിച്ചിട്ടും അതിന്റെ പ്രത്യാഘാതങ്ങൾ ജില്ലയിലെ വിതരണത്തെ സാരമായി ബാധിക്കുന്നു. മലയോര, വിദൂര പ്രദേശങ്ങളിലെ വീടുകളിൽ സിലിണ്ടറുകൾ എത്താൻ ദിവസങ്ങളോളം വൈകുന്നത് ജനജീവിതം ദുഃസഹമാക്കിയിരിക്കുകയാണ്.
ലഭ്യമായ ലോഡുകൾ എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നത് ജില്ലയിൽ ക്ഷാമം വർധിപ്പിച്ചിരിക്കുകയാണ്. ജില്ലയ്ക്കുള്ള മുഴുവൻ സപ്ലൈ ക്വാട്ടയും മുൻഗണനാടിസ്ഥാനത്തിൽ പുനഃസ്ഥാപിച്ച് വിതരണം സാധാരണ നിലയിലാക്കുന്നതിന് ഇന്ത്യൻ ഓയിൽ കോർപറേഷന് നിർദേശം നൽകണമെന്ന് എംപി ആവശ്യപ്പെട്ടു.