കായികമേഖല രാഷ്ട്രീയവത്കരിക്കാൻ നീക്കമെന്ന്
1598645
Friday, October 10, 2025 10:26 PM IST
തൊടുപുഴ: ജില്ലയിലെ കായികമേഖല രാഷ്ട്രീയവത്കരിക്കാൻ ഗൂഢനീക്കം നടക്കുന്നതായി ആം റസ്ലിംഗ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ജില്ലാ സ്പോർട്സ് കൗണ്‍സിൽ അംഗവുമായ മനോജ് കോക്കാട്ട് പത്രസമ്മേളനത്തിൽ ആരോപിച്ചു.
2019 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പു നടത്തി അധികാരമേറ്റ ജില്ലാ സ്പോർട്സ് കൗണ്‍സിലുകളുടെ അഞ്ചു വർഷത്തെ കാലാവധി 2024 ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു. കാലാവധി കഴിഞ്ഞ് ഒരു വർഷവും എട്ടു മാസവും കഴിഞ്ഞിട്ടും ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഭരണസമിതികൾ എല്ലാ ജില്ലകളിലും തുടർന്നുവരികയായിരുന്നു.
കാലാവധി പൂർത്തിയായ സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ സർക്കാർ ഉത്തരവിലൂടെ പുനഃസംഘടിപ്പിച്ചു. ഇതിനു ചുവടു പിടിച്ച് ജില്ലാ സ്പോർട്സ് കൗണ്‍സിലുകൾ പ്രവർത്തിച്ചുവരികയാണ്.
അംഗീകൃത കായികസംഘടനകളിൽനിന്നും സ്പോർട്സ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കുന്ന പ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും തെരഞ്ഞെടുക്കുന്ന പ്രതിനിധികളുമാണ് സ്പോർട്സ് കൗണ്‍സിലിൽ വോട്ടവകാശമുള്ള അംഗങ്ങൾ.
ഈ അംഗങ്ങളിൽനിന്നാണ് ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ്, വൈസ്-പ്രസിഡന്റ്, സംസ്ഥാന സ്പോർട്സ് കൗണ്‍സിലിലേക്കുള്ള പ്രതിനിധി, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബറിൽ നടക്കാനിരിക്കേ സ്പോർട്സ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ ആറിന് പൂർത്തിയാക്കുകയായിരുന്നു.
20 മാസങ്ങൾക്കു മുൻപു നടത്തേണ്ടിയിരുന്ന ജില്ലാ സ്പോർട്സ് കൗണ്‍സിലുകളുടെ തെരഞ്ഞെടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനു മുൻപ് തിരക്കിട്ടു നടത്തുന്നത് ഗൂഢലക്ഷ്യത്തോടെയാണ്.
സ്പോർട്സ് കൗണ്‍സിലുകൾ പിടിച്ചെടുക്കുന്നതിനായി 14നു വിവിധ ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള സ്പോർട്സ് കൗണ്‍സിൽ തെരഞ്ഞെടുപ്പു നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും കായിക സംഘടനകളെ നിയമത്തിനു വിധേയമായി സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും മനോജ് കോക്കാട്ട് ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ മുൻ കായികാധ്യാപകൻ ജെയ്സൻ പി. ജോസഫും പങ്കെടുത്തു.