ജൂഡോയിൽ അമൃതയ്ക്ക് സ്വർണം
1459386
Monday, October 7, 2024 3:05 AM IST
നെടുങ്കണ്ടം: 68-മത് ദേശീയ സ്കൂൾ കായിക മേളയിൽ ജൂഡോ 27കിലോ വിഭാഗത്തിൽ വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി പി.എ. അമൃതയ്ക്ക് സ്വർണം. ഗുജറാത്തിലെ മെഹ്സാനയിൽ നടന്ന മത്സരത്തിൽ മുപ്പതിലധികം എതിരാളികളെ പരാജയപ്പെടുത്തിയാണ് അമൃതയുടെ നേട്ടം. രണ്ടു വർഷമായി ജൂഡോ പരിശീലിക്കുന്ന അമൃത ചെന്നൈയിൽ നടന്ന ഖേലോ ഇന്ത്യ സൗത്ത് സോൺ വിമൻസ് ലീഗിലും സ്വർണം നേടിയിരുന്നു.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽനിന്നാണ് അമൃതയുടെ ദേശീയ മെഡൽ നേട്ടം. തുടർ പരിശീലനത്തിന് സാമ്പത്തിക പ്രതിസന്ധി വെല്ലുവിളിയാണ്. വലിയതോവാള പാറമുകളിൽ അനീഷ്-കവിത ദമ്പതികളുടെ മകളാണ് അമൃത. സഹോദരൻ അഖിൽ സംസ്ഥാന ജൂഡോ താരമാണ്. സച്ചിൻ ജോണി, രാഹുൽ ഗോപി എന്നിവരുടെ കീഴിലാണ് ഇരുവരുടെയും പരിശീലനം.