രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് ഇന്നു തുടക്കം
1459369
Monday, October 7, 2024 2:55 AM IST
രാമപുരം: സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ തിരുനാളിന് ഇന്നു തടക്കം. 16നാണു പ്രധാന തിരുനാള്‍. ഇന്നു മുതല്‍ തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതിനും 11നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാനയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ നൊവേനയും ഉണ്ടായിരിക്കും.
തിരുനാള്‍ ദിവസങ്ങളില്‍ വിവിധ ഭക്ത സംഘടനകളുടെയും വിവിധ ഇടവകകളുടെയും നേതൃത്വത്തില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്ക് തീര്‍ഥാടനം നടത്തും. ഇന്നു രാവിലെ 10.30ന് മാതൃ-പിതൃവേദി പാലാ രൂപത സമിതികളുടെ നേതൃത്വത്തില്‍ തീര്‍ഥാടനം.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊണ്ടാട്, ജിയോവാലി, കരൂര്‍, ചിറ്റാര്‍, പൂവക്കുളം, കടപ്ലാമാറ്റം, മൂഴൂര്‍, അന്ത്യാളം, ഏഴാച്ചേരി, കയ്യൂര്‍, നീറന്താനം, ചക്കാമ്പുഴ, കടനാട് ഫൊറോന, കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത് മറിയം അര്ക്കദിയോക്കന് ദേവാലയം എന്നിവിടങ്ങളില്‍നിന്നുള്ള തീര്ഥാടനങ്ങള് എത്തിച്ചേരും.
12ന് ഉച്ചകഴിഞ്ഞ് 2.30ന് എകെസിസി, ഇന്‍ഫാം, പിതൃവേദി, ഡിസിഎംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം, കര്‍ഷക സമ്മേളനം, കാര്‍ഷിക ഉത്പന്ന സമര്‍പ്പണം, കൃഷിയിടങ്ങള്‍ക്കായി വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോട് മധ്യസ്ഥ പ്രാര്‍ഥന.
വൈകുന്നേരം നാലിന് ഫൊറോന വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം തിരുനാളിനു കൊടിയേറ്റും. 4.15ന് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
ആറിന് ജപമാല പ്രദക്ഷിണം, പുറത്തുനമസ്കാരം, 13നു വൈകുന്നേരം നാലിന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 16നു രാവിലെ 6.15നു വിശുദ്ധ കുര്‍ബാന, ഒമ്പതിനു നേര്‍ച്ച വെഞ്ചരിപ്പ്.
തുര്‍ന്ന് നേര്‍ച്ച വിതരണം. 10ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 11.45ന് പാലാ രൂപതാ ഡിസിഎംഎസ് പദയാത്രയ്ക്കു സ്വീകരണം. 12 ന് തിരുനാള്‍ പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 1.30നും വൈകുന്നേരം 4.30 നും വിശുദ്ധ കുര്‍ബാന.
തിരുനാളില്‍ സംബന്ധിക്കാന്‍ എത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് കുഞ്ഞച്ചന് മ്യൂസിയം സന്ദര്‍ശിക്കുന്നതിനും നേര്ച്ചകാഴ്ചകള് സമര്‍പ്പിക്കുന്നതിനും അവസരമുണ്ട്.
തിരുനാളിന് ഫൊറോന വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍, സഹ വികാരിമാരായ ഫാ. ഏബ്രാഹം കാക്കാനിയില്‍, ഫാ. ജൊവാനി കുറുവാച്ചിറ, ഫാ. ജോണ്‍ മണാങ്കല്‍, ഹോസ്റ്റല്‍ വാര്ഡന് ഫാ. ജോര്‍ജ് പറമ്പിത്തടത്തില് എന്നിവര്‍ നേതൃത്വം നല്‍കും.