ജൂണിയര്‍ അത്ലറ്റിക്സ്: പെരുവന്താനം ഹൈറേഞ്ച് അക്കാദമി മുന്നില്‍
1458355
Wednesday, October 2, 2024 6:54 AM IST
നെടുങ്കണ്ടം: ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആരംഭിച്ചു. 5000 മീറ്റര്‍ ഓട്ടത്തോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ആദ്യദിനം 50 ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ 600 ഓളം കായികതാരങ്ങള്‍ പങ്കെടുത്തു.
ആദ്യദിന മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പെരുവന്താനം ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമി 188 പോയിന്റുമായി മുന്നിലാണ്. എന്‍ആര്‍ സിറ്റി എസ്എന്‍വി ഹയര്‍ സെക്കൻഡറി സ്കൂള്‍ 44 പോയിന്റുമായി രണ്ടാം സ്ഥാനത്തും അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂള്‍ 40 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
ചാമ്പ്യന്‍ഷിപ്പ് പഞ്ചായത്ത് പ്രസിഡന്റ്് പ്രിമി ലാലിച്ചന്‍ ഉദ്ഘാടനം ചെയ്തു. അത്ലറ്റിക്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് വി.ഡി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജൂഡോ അസോസിയേഷന് ജില്ലാ പ്രസിഡന്റ്് എം.എന്‍. ഗോപി, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സഹദേവന്, എം.എസ്. മഹേശ്വരന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്് എം. സുകുമാരന്‍, അത്ലറ്റിക്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി കെ.കെ. ഷിജോ, പി.എസ്. ഡൊമിനിക്, റെയ്സണ്‍ പി. ജോസഫ്, ജിറ്റോ മാത്യു, നാന്‍സി ജോസഫ്, ഷൈജു ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കായിക രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ എം. സുകുമാന്‍, പി.എസ്. ഡൊമിനിക് എന്നിവരെ ഉദ്ഘാടന സമ്മേളനത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ചാമ്പ്യന്‍ഷിപ് ഇന്ന് സമാപിക്കും.