കന്പത്ത് മലയാളി യുവാക്കളെ കത്തി കാട്ടി ഫോണുകൾ കവർന്നു; മൂന്നുപേർ പിടിയിൽ
1453915
Tuesday, September 17, 2024 11:28 PM IST
കുമളി: തമിഴ്നാട്ടിലെ കന്പത്ത് സിനിമ കാണാനെത്തിയ മലയാളി യുവാക്കളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ തട്ടിയെടുത്തവർ പിടിയിൽ. കന്പം സ്വദേശികളായ സുന്ദർ(28),അജിത്ത്(27), മുകിലൻ(27) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ചയായിരുന്നു സംഭവം.
കുമളി വെള്ളാരംകുന്ന് സ്വദേശികളായ ആൻസൻ, അഭിഷേക്, അതുൽ എന്നിവർ സിനിമ കാണുന്നതിനായാണ് കന്പത്ത് എത്തിയത്. തിയേറ്ററിലേക്ക് പോകാൻ ഓട്ടോ വിളിച്ചു. തിയേറ്ററിനു സമീപം ഇവർ ഇറങ്ങിയതോടെ പ്രതികൾ ഇവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു.
യുവാക്കൾ കന്പം ടൗണിലൂടെ ഭയന്ന് വരുന്നതു കണ്ട കട്ടപ്പന വെള്ളിലാംകണ്ടം സ്വദേശിയായ റിട്ട.ആർമി ഉദ്യാഗസ്ഥൻ റെജിമോൻ ഇവരെ തടഞ്ഞുനിർത്തി വിവരം തിരക്കി.
തുടർന്ന് ഇദ്ദേഹത്തിന്റെ സഹായത്തോടെ കന്പം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയ യുവാക്കൾ പരാതി നൽകുകയായിരുന്നു.
എസ്ഐ ദേവരാജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കന്പത്തുനിന്ന് പിടികൂടിയത്. പ്രതി സുന്ദർ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഇൻസ്പെക്ടർ മുത്തുലക്ഷ്മി, സിപിഒ ധർമരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.