ഗീത ആനന്ദ് മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
1452020
Monday, September 9, 2024 11:46 PM IST
അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഗീത ആനന്ദിനെ തെരഞ്ഞെടുത്തു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പ്രതിനിധിയാണ് ഗീത. എല്‍ഡിഎഫ് മുന്നണിയിൽ സിപിഎമ്മിലെ ധാരണപ്രകാരം പ്രസിഡന്റായിരുന്ന വിനീത സജീവന് സ്ഥാനമൊഴിഞ്ഞിരുന്നു. പതിനൊന്നാം വാര്‍ഡില്‍നിന്നുള്ള വിനീത സജീവന് മൂന്നര വര്‍ഷക്കാലം പ്രസിഡന്റ് സ്ഥാനം വഹിച്ച ശേഷമായിരുന്നു സ്ഥാനമൊഴിഞ്ഞത്.
നിലവില്‍ 13 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് - പത്ത്, യുഡിഎഫ് - മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. തിങ്കളാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നു യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു. എല്‍ഡിഎഫിലെ പത്ത് അംഗങ്ങളുടെ പിന്തുണ ഗീത ആനന്ദിന് ലഭിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എല്‍ഡിഎഫ് മുന്നണിയിലെ ധാരണപ്രകാരം വൈസ് പ്രസിഡന്റായിരുന്ന സിപിഐ അംഗം ബിബിന്‍ ജോസഫ് സ്ഥാനം ഒഴിയുകയും പിന്നീട് കേരള കോണ്‍ഗ്രസ് - എം പ്രതിനിധിയായ അനില്‍ ആന്റണിയെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.