ഓണപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിച്ചു
1452009
Monday, September 9, 2024 11:46 PM IST
നെടുംകണ്ടം: മലയാളക്കരയ്ക്ക് ഓണം ആഘോഷിക്കാന്‍ പൂക്കാലമൊരുക്കി ഇടുക്കിയിലെ കര്‍ഷകര്‍. ഓണം വിപണി ലക്ഷ്യമിട്ട് നിരവധി കര്‍ഷകരാണ് ഇത്തവണ പൂക്കൃഷി നടത്തിയത്. പച്ചക്കറി കൃഷിയും നഴ്സറിയും നടത്തുന്ന വലിയതോവാള സ്വദേശിയായ മഞ്ജു പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തവണ ജമന്തിക്കൃഷി ആരംഭിച്ചത്. ബംഗളൂരുവിൽനിന്ന് വിത്തെത്തിച്ച് ഗ്രോ ബാഗുകളിലാക്കി ആകെ 400 ചെടികള്‍ പരിപാലിച്ചു. ഓരോ ചെടിയിലും നിറയെ പൂക്കളാണ് ഓണത്തെ വരവേല്‍ക്കാന്‍ തയാറായി നില്‍ക്കുന്നത്.
ഇടുക്കിയുടെ വിവിധ മേഖലകളില്‍ ഇത്തവണ പൂക്കൃഷി ഇറക്കിയവരുണ്ട്. ഹൈബ്രിഡ് വിത്ത് എത്തിച്ചാണ് മിക്ക കര്‍ഷകരും കൃഷിയിറക്കിയിരിക്കുന്നത്. താരതമ്യേന വലുപ്പംകൂടിയ പൂക്കളായതിനാല്‍ ആവശ്യക്കാര്‍ക്കും ഏറെ പ്രിയങ്കരമാണ് ഇടുക്കിയുടെ മലമടക്കുകളില്‍ വിരിയുന്ന ജമന്തിപ്പൂക്കള്‍. കഴിഞ്ഞ ജൂലൈയിലാണ് മഞ്ജു കൃഷിയിറക്കിയത്. ഓണം അടുത്തതോടെ വ്യാപാരികള്‍ പൂക്കള്‍ക്ക് ഓര്‍ഡര്‍ നല്കി. നേരിട്ടെത്തി പൂവു ശേഖരിക്കുന്നവരുമുണ്ട്.
അടുത്ത വര്‍ഷങ്ങളില്‍ ഇടുക്കിയില്‍ കൂടുതല്‍ മേഖലയില്‍ പൂക്കൃഷി വ്യാപിപ്പിക്കുമെന്ന് ഉറപ്പാണ്. ഇത്തവണ ജമന്തിയാണ് കൂടുതൽ കർഷകരും നട്ടത്.
വരും വർഷങ്ങളിൽ കൂടുതൽ ഇനങ്ങൾ കൃഷി ചെയ്യാനാണ് കർഷകരുടെ തീരുമാനം. ഇതിലൂടെ മികച്ച നേട്ടം സ്വന്തമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.