രാത്രികാല ബസ് ഇല്ല; അവഗണനയിൽ മലയോര നിവാസികൾ
1424906
Sunday, May 26, 2024 2:56 AM IST
ഈരാറ്റുപേട്ട: സന്ധ്യമയങ്ങിയാൽ പിന്നെ ബസുകളില്ല. മണിക്കൂറുകൾ കാത്തുനിന്നു വീട്ടിലെത്തേണ്ട ഗതികേടിൽ ബസ് യാത്രികർ. തലനാട്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ അടിവാരം, ചോലത്തടം എന്നീ മലയോര പ്രദേശങ്ങളിലേക്കാണു ബസുകൾ ഇല്ലാത്തത്. മണിക്കൂറുകൾ പിന്നിട്ടാലും ബസ് വരില്ല. കൈയിൽ കാശുണ്ടെങ്കിൽ ഓട്ടോ പിടിക്കാം. കെഎസ്ആർടിസി ഉൾപ്പടെ നിരവധി ബസുകൾ സർവീസ് നടത്തിയിരുന്നിരുന്ന റൂട്ടുകളിൽ ഇപ്പോൾ മലയോരനിവാസികൾ ഒരു ബസിനായി കാത്തിരിക്കുകയാണ്. മന്ത്രിതലത്തിൽ സമീപിച്ചിട്ടും നടപടിയൊന്നുമില്ല.
വൈകുന്നേരം ആറിനുശേഷം കെഎസ്ആർടിസി ബസില്ല. ഏഴിനുള്ള സ്വകാര്യ ബസ് പലപ്പോഴും ട്രിപ്പ് മുടക്കുകയാണ്. ഇരുന്നൂറോളം സർക്കാർ ജീവനക്കാരുള്ള തലനാട് പഞ്ചായത്ത് നിവാസികളോടാണ് അധികാരികളുടെ ഈ അവഗണന. കോവിഡിന് മുമ്പ് രാത്രി 7.30 നും 8.30 നും 9.20 നും ഈരാറ്റുപേട്ടയിൽ നിന്ന് തലനാട്ടേക്ക് സ്റ്റേ ബസുകൾ ഉൾപ്പെടെ സർവീസ് നടത്തിയിരുന്നതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ തുറക്കാനിരിക്കെ യാത്രാക്ലേശം രൂക്ഷമാകുമോയെന്ന ആശങ്കയിലാണു വിദ്യാർഥികളും മാതാപിതാക്കളും. ടൂറിസം മേഖലയായ അയ്യൻപാറയേയും ഇല്ലിക്കൽകല്ലിനെയുമൊക്കെ പൊതുഗതാഗത സൗകര്യം അവഗണിച്ചിരിക്കുകയാണ്. അവധിക്കാലമായതിനാൽ ദിവസേന നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്.
നേരത്തെ കെഎസ്ആർടിസി ബസ് ഉണ്ടായിരുന്നപ്പോൾ ടൂറിസ്റ്റുകൾ ബസിലും ഇതിനടുത്തുവരെ വന്നുപോയിരുന്നു. പഞ്ചായത്തിലെ ഏക ആതുരാലയം ചോലമലയിലെ കാളക്കൂടാണ് സ്ഥിതി ചെയ്യുന്നത്. പാവപ്പെട്ട രോഗികൾ ഇവിടേയ്ക്കെത്താൻ പ്രധാനമായി ആശ്രയിച്ചിരുന്നതും കെഎസ്ആർടിസി ബസുകളെയാണ്.
ഏറണാകുളം സോണിലെ മികച്ച ഡിപ്പോ എന്ന അംഗീകാരം ഈരാറ്റുപേട്ടയ്ക്കായിരുന്നു. 70 ഷെഡ്യൂളുകൾ വരെ ഓപ്പറേറ്റ് ചെയ്തിരുന്നതാണ്. ഡിപ്പോയിലെ ബസുകൾ കൊണ്ടുപോയതോടെ നിലവിൽ 30 ൽ താഴെ സർവീസുകളാണ് ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത്.
കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോയോട് അധികാരികൾ കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് പുതിയ ബസുകൾ അനുവദിക്കണമെന്നും രാത്രികാല സ്റ്റേ സർവീസ് ഉൾപ്പെടെയുള്ളവ ഉടൻ പുനരാരംഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.