തെരഞ്ഞെടുപ്പിന്റെ പേരിൽ കുടിവെള്ളം നൽകാതെ പഞ്ചായത്തുകൾ; സർക്കാർ വീണ്ടും ഉത്തരവിറക്കി
1417275
Friday, April 19, 2024 12:42 AM IST
ഉപ്പുതറ: കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ ഡയറക്ടറേറ്റ് വീണ്ടും ഉത്തരവിറക്കി. മാർച്ച് 20ന് ഇറക്കിയ ഉത്തരവ് എല്ലാ തദ്ദേശ സ്ഥാപനങ്ങളും നടപ്പിലാക്കാത്തതിനെത്തുടർന്നാണ് വീണ്ടും ഉത്തരവിറക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാകും എന്നു പറഞ്ഞാണ് പല തദ്ദേശ സ്ഥാപനങ്ങളും കുടിവെള്ള വിതരണം നടത്താതിരുന്നത്. പഞ്ചായത്തു ഭരണസമിതിയുടെ അനുമതിയും നിർദേശവും ഉണ്ടായിട്ടും ഉത്തരവ് നടപ്പാകാത്ത പഞ്ചായത്തുകളുണ്ട് .
ഇതു സംബന്ധിച്ച് വ്യാപക പരാതി ഉയരുകയും ചെയ്തിരുന്നു.എന്നാൽ, ഉത്തരവിറങ്ങിയ ഉടൻ ഏതാനും പഞ്ചായത്തുകൾ കുടിവെള്ള വിതരണം തുടങ്ങി ഉത്തരവ് നടപ്പാക്കിയിട്ടുമുണ്ട്.
തനതു പ്ലാൻ ഫണ്ടിൽനിന്നു കുടിവെള്ള വിതരണത്തിന് തുക വിനിയോഗിക്കാനാണ് ഡയറക്ടറേറ്റ് അനുമതി നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടാകുമെന്ന് ഉറപ്പാകുകയും മുന്നൊരുക്കങ്ങൾ തുടങ്ങുകയും ചെയ്തിട്ടും കുടിവെള്ള വിതരണത്തിന്റെ അടിയന്തരാവശ്യം പരിഗണിച്ചാണ് ജനുവരി മൂന്നിന് സർക്കാർ തലത്തിൽ തീരുമാനമെടുത്തത്.
പ്രഖ്യാപനത്തിനു ശേഷം തെരഞ്ഞെടുപ്പ് കമീഷൻ ഇതനുസരിച്ച് മാർഗ നിർദേശങ്ങളിൽ ഇളവു വരുത്തുകയും ചെയ്തു. തുടർന്നാണ് കുടിവെള്ള വിതരണം നടത്താൻ ജില്ലാ കളക്ടർമാർ, തദ്ദേശ സ്വയംഭരണ ജില്ലാ ഡയറക്ടർമാർ എന്നിവർ മുഖേന മാർച്ച് 20ന് നിർദേശം നൽകിയിത്.
കോർപറേഷനുകൾ നഗരസഭകൾ ത്രിതല പഞ്ചായത്തുകൾ എന്നിവർ അടിയന്തരമായി കുടിവെള്ള വിതരണം നടത്തണമെന്ന കർശന നിർദേശമാണ് സർക്കാർ പുതിയ ഉത്തരവിൽ നൽകിയിരിക്കുന്നത്.
വേനൽ മഴ കിട്ടാത്തതിനെത്തുടർന്ന് ഉയർന്ന പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് കുടുംബങ്ങൾ കടുത്ത കുടിവെള്ള ക്ഷാമത്തിലാണ്. കിലോ മീറ്ററുകൾ അകലെനിന്നാണ് പലരും വെള്ളം ശേഖരിക്കുന്നത്.