അവിടെ പരിചമുട്ട്, ഇവിടെ നാടകം ഒന്നും കേൾക്കാൻ പറ്റുന്നില്ലേ...
1376354
Thursday, December 7, 2023 12:02 AM IST
കട്ടപ്പന: റവന്യു ജില്ലാ കലോത്സവത്തിന്റെ നാടക മത്സര വേദിയിൽ കല്ലുകടി. മൈക്ക് സെറ്റായിരുന്നു പ്രധാന വില്ലൻ. അവിടെ പറഞ്ഞാൽ ഇവിടെ കേൾക്കില്ല എന്നതായിരുന്നു അവസ്ഥ. വൈദ്യുതി കൂടി പോയാൽ അവസ്ഥ ഏറെ പരിതാപകരമാകും.
കട്ടപ്പന സി എസ് ഐ ഗാർഡനിലാണ് നാടക മത്സരം നടന്നത്. കെട്ടിത്തൂക്കിയതും നിലത്തു വച്ചതുമായ മൈക്കുകൾ വേദിയിൽ ഉണ്ട്. പക്ഷേ അഭിനേതാക്കളുടെ ശബ്ദം പലപ്പോഴും വ്യക്തമായില്ല. ഇതിനിടെ നാടക വേദിയിൽ നിന്ന് 10 മീറ്റർ പോലും ദൂരമില്ലാതെയാണ് പരിചമുട്ടുകളി മൽസരം നടന്നത്.
നാടക ഡയലോഗുകൾ പലതും പരിചയുടെ ശബ്ദത്തിൽ തട്ടി നിലംപരിശായി. മൂകാഭിനയം പോലെയാണ് പലപ്പോഴും നാടകം അരങ്ങേറിയത്. അഭിനയത്തിനും സംഭാഷണത്തിനും ഒരു പോലെ പ്രാധാന്യമുള്ള നാടക മൽസരത്തിന് നീതി പുലർത്താൻ സംഘാടകർക്ക് കഴിഞ്ഞില്ലായെന്നത് മത്സരാഥികളെ വലച്ചു.