ഇടുക്കി പ്രസ് ക്ലബ് മ്യൂസിക് ക്ലബ് തുറന്നു പാട്ടോർമകൾ പങ്കുവച്ച് പി.ജെ. ജോസഫ്
1339477
Saturday, September 30, 2023 11:44 PM IST
തൊടുപുഴ: താഴന്പൂമണമുളള തണുപ്പുള്ള രാത്രിയിൽ എന്ന സിനിമാഗാനത്തിന്റെ ഓർമകൾ പങ്കുവച്ച പി.ജെ. ജോസഫ് എംഎൽഎ. ഇടുക്കി പ്രസ് ക്ലബ്ബിന്റെ മ്യൂസിക് ക്ലബ് ഉദ്ഘാടനവേദിയിലാണ് വേറിട്ട ഗാനാലാപനവുമായി മുൻമന്ത്രി പി.ജെ. തിളങ്ങിയത്.
അരനൂറ്റാണ്ട് പിന്നിട്ടിട്ടും മായാത്ത സ്മരണകളായി നിൽക്കുന്ന തന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിജയരഹസ്യമായി മാറിയ സിനിമാഗാനമാണ് ഇദ്ദേഹം ആലപിച്ചത്. 1970-ലെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു പി.ജെയുടെ ആദ്യ അങ്കം.വാശിയേറിയ മത്സരത്തിൽ വിജയത്തിന്റെ ഗതി നിർണയിച്ചതു താഴന്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ എന്ന ഹിറ്റ് ഗാനമായിരുന്നു.
എതിർ സ്ഥാനാർഥിക്കു മേധാവിത്വമുള്ള കോളനിയിൽ പ്രചാരണത്തിന് എത്തുന്പോൾ ശ്രോതാക്കളിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഇവിടെ പ്രസംഗത്തിനു പകരം ഹിറ്റ്ഗാനം ആലപിച്ചതോടെ അവിടെ കൂടിയിരുന്നവരുടെ ഹൃദയത്തിൽ ഇടംനേടാനും പിജെയ്ക്കായി. ഫലം വന്നപ്പോൾ ഇവിടെ കൂടുതൽ വോട്ടു നേടിയതും പി.ജെ. തന്നെ.
പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളിൽ, ജോയിന്റ് സെക്രട്ടറി പി.കെ.എ. ലത്തീഫ്, മുൻ പ്രസിഡന്റ് ഹാരിസ് മുഹമ്മദ്, ട്രഷറർ വിൽസണ് കളരിക്കൽ എന്നിവർ പ്രസംഗിച്ചു.