മാലിന്യമുക്തം നവകേരളം: യോഗം ചേർന്നു
1336804
Tuesday, September 19, 2023 11:24 PM IST
ഇടുക്കി: മാലിന്യമുക്തം നവകേരളം കാന്പയിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി യോഗം ചേർന്നു. ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഒക്ടോബർ രണ്ടു മുതൽ 2024 ജനുവരി 26 വരെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾ നടത്തും. ഇതിനുള്ള ആക്ഷൻ പ്ലാൻ യോഗത്തിൽ ചർച്ച ചെയ്തു.
ഗാന്ധിജയന്തിയോടനുബന്ധിച്ച് ആരംഭിക്കുന്ന മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ ജില്ലയിലെ എല്ലാ പൊതു ഇടങ്ങളും നിരത്തുകളും ഓടകളും ശുചീകരിച്ചു മാലിന്യങ്ങൾ തരം തിരിച്ചു ശാസ്ത്രീയമായി സംസ്കരിക്കും. എല്ലാ വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങളിലെയും മാലിന്യ സംസ്കരണം ഉറപ്പാക്കും. ജൈവ, ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്തയിടങ്ങളിൽ അവ സ്ഥാപിക്കുന്നതിനുള്ള നിർദേശം നൽകും. വ്യാപാര-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഹരിത പ്രോട്ടോക്കോൾ ഉറപ്പാക്കും.
വിനോദസഞ്ചാരകേന്ദ്രങ്ങളുടെ നിലവിലുള്ള മാലിന്യസംസ്കരണ ശേഷി പരിശോധിക്കും. മാലിന്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ടോയെന്ന് ഉറപ്പാക്കാനായി പ്രാദേശിക ഹരിത മേൽനോട്ട സമിതികൾ രൂപികരിക്കും. ജില്ലയിൽ കൂടുതൽ ഹരിത ചെക്ക്പോസ്റ്റ് സ്ഥാപിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കും. എല്ലാ മേഖലയിലും ഫലപ്രദമായി മാലിന്യസംസ്കരണവും മാലിന്യനിർമാർജനവും നടത്തുന്ന വിധത്തിലാണ് മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ആക്ഷൻ പ്ലാൻ തയാറാക്കിയിരിക്കുന്നത്.യോഗത്തിൽ കില ഫെസിലിറ്റേറ്റർ പി.വി. മധു, തദ്ദേശസ്വയംഭരണവകുപ്പ് അസി.ഡയറക്ടർ സി. ശ്രീലേഖ, കാന്പയിൻ സെക്രട്ടേറിയറ്റംംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.