മണ്ണെടുപ്പു നടത്തിയ ടിപ്പർ ലോറികൾ പിടിച്ചെടുത്തു
1299513
Friday, June 2, 2023 11:17 PM IST
കുടയത്തൂർ: പഞ്ചായത്തിന്റെ അനുമതിയോടെ നടത്തിയ മണ്ണെടുപ്പ് ഡിവൈഎസ്പിയുടെ സ്ക്വാഡിന്റെ നേതൃത്വത്തിൽ തടഞ്ഞു. മണ്ണ് കടത്തിയ രണ്ടു ടിപ്പറുകളും കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകുന്നേരത്തോടെ കുടയത്തൂർ ഗ്രാമീണ ബാങ്കിനു സമീപത്തെ മണ്ണെടുപ്പാണ് തടഞ്ഞത്. കാഞ്ഞാർ പോലീസിനെ അറിയിക്കാതെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് സ്വകാര്യ വാഹനത്തിലെത്തിയാണ് ടിപ്പർ ലോറികൾ പിടിച്ചെടുത്തത്.
എന്നാൽ, മണ്ണ് നീക്കം ചെയ്യാനുള്ള എല്ലാ അനുമതികളും വാങ്ങിയിരുന്നെന്ന് സ്ഥല ഉടമയും പഞ്ചായത്തും പറയുന്നു.
കഴിഞ്ഞ മാസം സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം 3,000 ചതുരശ്ര അടി വരെ തറവിസ്തീർണമുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിന് മണ്ണ് നീക്കംചെയ്യാനുള്ള ചലനാനുമതിയും ട്രാൻസിറ്റ് പാസും നൽകുന്നതിനുളള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് നൽകി ഉത്തരവുണ്ട്. ഇത് പ്രകാരം 77,000 രൂപ മുടക്കി സ്ഥല ഉടമ പാസ് എടുത്തിട്ടുണ്ട്. മേയ് 29 മുതൽ ജൂണ്‍ 15 വരെ പാസിന് കാലാവധിയും ഉണ്ടെന്നും ഇവർ പറയുന്നു.
എന്നാൽ, പാസിൽ വ്യക്തത ഇല്ലെന്നും ഉരുൾപൊട്ടൽ ഉണ്ടായ മേഖലയ്ക്കു സമീപത്തുനിന്നാണ് മണ്ണൈടുപ്പ് നടത്തിയതെന്നും പിടിച്ചെടുത്ത വാഹനം ഉൾപ്പെടെ കളക്ടർക്ക് കൈമാറുമെന്നും തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധു ബാബു പറഞ്ഞു.