വാഹന മോഷ്ടാക്കൾ പിടിയിലായി
1299473
Friday, June 2, 2023 10:54 PM IST
കട്ടപ്പന: ഓട്ടോറിക്ഷകളും ഇരുചക്രവാഹനവും മോഷ്ടിച്ച കേസിൽ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി രണ്ടാംമൈൽ സ്വദേശി മണികണ്ഠൻ (23 ), കുമളിയിലെ ആക്രിവ്യാപാരി വനിത ഇല്ലം തങ്കരാജ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2021ലാണ് കുമളിയിൽനിന്ന് ഇരുചക്രവാഹനവും കട്ടപ്പന കൈരളിപ്പടി, വള്ളക്കടവ് എന്നിവിടങ്ങളിൽനിന്നായി ഓട്ടോറിക്ഷകളും ഒന്നാം പ്രതി മണികണ്ഠൻ മോഷ്ടിച്ചത്. തുടർന്ന് ഒന്നര ലക്ഷം രൂപയോളം വിലവരുന്ന വാഹനങ്ങൾ 6,000 രൂപ വീതം വാങ്ങി തങ്കരാജിന് വിൽക്കുകയായിരുന്നു.
മോഷണം പോയ ഓട്ടോറിക്ഷകളിൽ ഒന്നിന്റെ പിൻസീറ്റ് മറ്റൊരു ഓട്ടോയിൽ പിടിപ്പിച്ചിരിക്കുന്ന രഹസ്യവിവരം കട്ടപ്പന ഡിവൈഎസ്പിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
മുഖ്യപ്രതി മണികണ്ഠൻ ഓട്ടോറിക്ഷകൾ മറ്റ് ആക്രിക്കടകളിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതിനെത്തുടർന്നാണ് തങ്കരാജിനെ സമീപിച്ച് വിറ്റത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി മോഷണം നടത്തിയ സ്ഥലങ്ങളിലും ആക്രിക്കടയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും ഡിവൈഎസ്പി വി .എ. നിഷാദ്മോൻ അറിയിച്ചു. എസ്എച്ച്ഒ വിശാൽ ജോൺസൺ, എസ് ഐ സജിമോൻ ജോസഫ് , സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എം. ബിജു, സിവിൽ പോലീസ് ഓഫീസർ സുബിൻ പി.എസ് , വി.കെ. അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.