ബിവറേജ് ജീവനക്കാരൻ റോഡിൽ മരിച്ച നിലയിൽ
1279679
Tuesday, March 21, 2023 10:41 PM IST
ചെറുതോണി: സർക്കാർ മദ്യവില്പനശാലയിലെ ജീവനക്കാരനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതോട് സ്വദേശി കോയിക്കലേത്ത് വിനോദ് കുമാറിനെ (50) ആണു പ്രകാശ് -ഉപ്പുതോട് റോഡിൽ പ്രകാശിനുസമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് സമീപത്തു മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. തൂക്കുപാലത്ത് ബിവറേജിലെ ജീവനക്കാരനാണ് വിനോദ്.
രാത്രി 9.20ന് വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണെന്നു ഭാര്യയെ വിളിച്ചു പറഞ്ഞിരുന്നു. എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോൾ ഫോണിൽ വിളിച്ചെങ്കിലും ബെല്ലടിക്കുന്നതല്ലാതെ പ്രതികരണമുണ്ടായില്ല. സംശയംതോന്നി വീട്ടുകാർ അന്വേഷിച്ചു ചെന്നപ്പോഴാണു റോഡിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
ഇവർ അറിയിച്ചതനുസരിച്ച് മുരിക്കാശേരി പോലീസെത്തി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം നടത്തി. ഭാര്യ: ഷീജാമോൾ നെടുങ്കണ്ടം മാവിലവീട്ടിൽ കുടുംബാംഗം. മക്കൾ: അഭിനവ്, അഭിനന്ദ്, അനുഗ്രഹ.