പരമാവധി ബസുകൾ ഓടിച്ച് കെ എസ്ആർടിസി
1223917
Friday, September 23, 2022 10:14 PM IST
തൊടുപുഴ: ഹർത്താൽ ദിനത്തിൽ ജില്ലയിൽ പരമാവധി സർവീസ് നടത്തി കെ എസ്ആർടിസി. യാത്രക്കാർ കുറവായിരുന്നെങ്കിലും രാവിലെ മുതൽ ദീർഘദൂര സർവീസുകളാണ് കൂടുതലായി നടത്തിയത്. തൊടുപുഴ ഡിപ്പോയിൽനിന്ന് 24 ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്. മൂലമറ്റം- എട്ട്, മൂന്നാർ - എട്ട്, കുമളി- ആറ്, കട്ടപ്പന-21, നെടുങ്കണ്ടം-എട്ട് എന്നിങ്ങനെ സർവീസുകൾ ഓപ്പറേറ്റ് ചെയ്തു.
പല സർവീസുകളും പോലീസ് സംരക്ഷണയിലാണ് ഓടിച്ചത്. ദീർഘദൂര സർവീസുകളിൽ പലതും പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങിയെത്തി. തൊടുപുഴയിൽ സായുധ പോലീസിന്റെ സംരക്ഷണവുണ്ടായിരുന്നു. ജില്ലയിൽ ഒരിടത്തും കെ എസ്ആർടിസി ബസുകൾക്കു നേരെ ഹർത്താലനുകൂലികളുടെ ആക്രമണമുണ്ടായില്ല.
ഹർത്താലിനെ
അനുകൂലിച്ച് കുമ്മംകല്ല്
തൊടുപുഴ: എപ്പോഴും ഹർത്താലിനോട് മുഖം തിരിക്കുന്ന കുമ്മംകല്ല് ഇത്തവണ പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനെ അനുകൂലിച്ചു. ഏത് രാഷ്ട്രീയ പാർട്ടി ഹർത്താൽ നടത്തിയാലും അതിനോട് മുഖം തിരിക്കുന്ന സ്ഥലമാണ് തൊടുപുഴ നഗരസഭയിലെ കുമ്മംകല്ല്. ഹർത്താൽ ദിനത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുൾപ്പെടെ ഇവിടെ എല്ലാം പതിവുപോലെ നടക്കും.
മുല്ലപ്പെരിയാർ വിഷയത്തിൽ നടന്ന ഹർത്താലിൽ മാത്രമാണ് കുമ്മംകല്ലുകാർ ഇതിനു മുന്പ് അനുകൂല നിലപാട് സ്വീകരിച്ചത്. എന്നാൽ പോപ്പുലർ ഫ്രണ്ട് ഇന്നലെ പ്രഖ്യാപിച്ച ഹർത്താലിൽ കുമ്മംകല്ലും നിശ്ചലമായി. ചില കടകൾ പതിവുപോലെ തുറന്നെങ്കിലും ഹർത്താലനുകൂലികൾ അടപ്പിച്ചു. കുമ്മംകല്ലിലെ പോപ്പുലർ ഫ്രണ്ടിന്റെ ജില്ലാ ഓഫീസിൽ എൻഐഎ സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.