സ്വർണപ്പണയ സ്ഥാപന ഉടമ യുവതിയെ വീട്ടിൽ കയറി മര്‍ദിച്ചതായി പരാതി
1601381
Monday, October 20, 2025 11:36 PM IST
ഹരിപ്പാട്: പണയംവച്ച ഉരുപ്പടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ ത്തുടര്‍ന്ന് സ്വര്‍ണപ്പണയ സ്ഥാപന ഉടമ യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. തൃക്കുന്നപ്പുഴ കിഴക്കേക്കര സിദ്ധു നിവാസില്‍ സരിതയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 7. 30നായിരുന്നു സംഭവം.
കല്ലുപുരയ്ക്കല്‍ സനല്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള തേജസ് സ്വര്‍ണപ്പണയ ഇടപാട് സ്ഥാപനത്തില്‍ 2022 ഒക്ടോബര്‍ 23ന് പണയം വച്ചിരുന്ന രണ്ട് ഗ്രാം തൂക്കമുള്ള വള തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സരിത വെള്ളിയാഴ്ച സ്ഥാപന ഉടമയെ ഫോണില്‍ വിളിക്കുകയും ചീട്ട് നോക്കിയ ശേഷം പിന്നീട് വിവരമറിയിക്കാമെന്ന് ഉടമ പറയുകയും ചെയ്തിരുന്നു.
പിന്നീട് കാര്‍ത്തിക വീട്ടില്‍ സജിത എന്നൊരാള്‍ പണയം ഉരുപ്പടി എടുത്തുകൊണ്ടു പോയതായി പറയുകയും ചെയ്തു. എന്നാല്‍, അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പണയച്ചീട്ടു ഉള്‍പ്പെടെ തന്റെ കൈവശമാണെന്നും സരിത പറഞ്ഞു.
തുടര്‍ന്ന് സ്ഥാപന ഉടമ ഇന്നലെ രാവിലെ വീട്ടിലെത്തി സ്വര്‍ണം തിരികെ എടുത്തതായി രജിസ്റ്റര്‍ ബുക്ക് കാണിക്കുകയയും അതില്‍ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ഇല്ല എന്നുള്ളത് ചൂണ്ടിക്കാണിക്കുകയും ഇതേതുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയും അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി തൃക്കുന്നപ്പുഴ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. മര്‍ദനമേറ്റ സരിത ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.