ദേശീയപാതയിൽ വെള്ളക്കെട്ട് രൂക്ഷം
1601371
Monday, October 20, 2025 11:36 PM IST
തുറവൂർ: അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ചന്തിരൂർ മുതൽ അരൂർ ബൈപാസ് കവല വരെയുള്ള പാതയിൽ വെള്ളക്കെട്ട് രൂക്ഷം. വെള്ളക്കെട്ടിലൂടെ ചരക്ക് വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ കാൽനടയാത്രികർക്കും ഇരുചക്രവാഹനങ്ങൾക്കും ചെളിയഭിഷേകമാണ്.
കൊച്ചിയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കുപോകുന്ന ഇരുചക്ര വാഹന യാത്രക്കാർ പാതയിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം ശരീരത്ത് വീഴുന്നതോടെ ജോലിക്കു പോകാൻ കഴിയാതെ തിരികെ വീട്ടിലേക്കു പോകുന്ന അവസ്ഥയാണുള്ളത്. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടു കാനയുടെ നിർമാണം പൂർത്തിയാകാത്തതാണു പാതയോരത്ത് വെള്ളക്കെട്ടിന് കാരണം.
ചെറുമഴമതി പാതയിൽ വെള്ളക്കെട്ട് രൂപപ്പെടാൻ. മാത്രമല്ല ചെളിവെള്ളത്തിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും നിയന്ത്രണം വിട്ട് അപകടങ്ങൾക്കും കാരണമാകുന്നു. അടിയന്തരമായി കാനയുടെ നിർമാണം പൂർത്തിയാക്കി റോഡുകളുടെ നവീകരണം നടത്തിയാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ കഴിയൂ.