വേടരപ്ലാവ്-പണയിൽ മാർത്തോമ്മ പള്ളി റോഡ് നിർമാണം പുനരാരംഭിച്ചു
1461491
Wednesday, October 16, 2024 6:02 AM IST
ചാരുംമൂട്: റോഡ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതുമൂലം ജനങ്ങൾക്ക് ദുരിതമായിത്തീർന്ന താമരക്കുളം വേടരപ്ലാവ്-പണയിൽ മാർത്തോമ പള്ളി റോഡിന്റെ നിർമാണം ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് പുനരാരംഭിച്ചു. മാസങ്ങളായി നിർമാണം മുടങ്ങിക്കിടന്ന സാഹചര്യത്തിൽ, ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ റീ ടെൻഡർ വഴി പുതിയ കരാറുകാരനെ നിയമിച്ച് നിർമാണം പുനരാരംഭിക്കുകയായിരുന്നു.
പഴയ കരാറുകാരന്റെ അനാസ്ഥമൂലം നിർമാണം പാതിവഴിയിൽ നിലച്ചതിനെത്തുടർന്ന് നാട്ടുകാരും പഞ്ചായത്തും പ്രതിഷേധം ശക്തമാക്കിയിരുന്നു. റോഡ് നിർമാണം പൂർത്തിയാക്കി ജനങ്ങളുടെ ദുരിതത്തിനു പരിഹാരം തേടി താമരക്കുളം പഞ്ചായത്താണ് ഹൈക്കോടതിയെ സമീപിച്ചത്. മേയ് 31ന് മുമ്പ് നിർമാണം പൂർത്തിയാക്കണമെന്ന് കരാറുകാരനും നിർമാണച്ചുമതലയുള്ള ഏജൻസിക്കും ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് പാലിക്കപ്പെട്ടില്ല. തുടർന്ന് ഹൈക്കോടതി റീ ടെൻഡർ നടത്താൻ ഉത്തരവിടുകയും പുതിയ കരാറുകാരനെ നിയമിച്ച് നിർമാണം പുനരാരംഭിക്കുകയായിരുന്നു.
കൊടിക്കുന്നിൽ സുരേഷ് എം പിയുടെ ശ്രമഫലമായി പിഎം ജിഎസ്വൈ പദ്ധതിയിലാണ് തുക അനുവദിച്ചത്. നാട്ടുകാരുടെ യാത്രാദുരിതം കണക്കിലെടുത്ത് എത്രയും വേഗം റോഡ് പണി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇതുവഴി ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുവാനും വികസന പദ്ധതികൾക്കു താമസമുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ കൈക്കൊള്ളുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
റോഡ് നവീകരണം; എട്ടുകോടി രൂപ അനുവദിച്ചു
ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിലെ വാത്തികുളം-ചുനക്കര നോര്‍ത്ത് റോഡും (ഡീസന്റ് മുക്ക് റോഡ്) ചുനക്കര സൗത്ത് റോഡും (ഭരണിക്കാവ് ആല്‍ത്തറ ജംഗ്ഷന്-വാത്തികുളം-ഓലകെട്ടിയമ്പലം റോഡും കുറത്തികാട് ഹൈസ്കൂള്‍ ജംഗ്ഷന്-വരേണിക്കല്‍-മേപ്പള്ളി റോഡും ബിഎം ആന്‍ഡ് ബിസി ടാറിംഗ് ചെയ്തു നവീകരിക്കുന്നതിന് ശബരിമല ഫെസ്റ്റിവല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പില്‍നിന്നു എട്ടു കോടി രൂപ അനുവദിച്ചതായി എംഎസ്. അരുണ്‍കുമാര്‍ എംഎല്‍എ അറിയിച്ചു.
നിര്‍മാണത്തിന്റെ ഭാഗമായി റോഡുകള്‍ 5.50 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുകയും താഴ്ന്ന വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ ഉയര്‍ത്തിയും ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാറിംഗ് നടത്തുകയാണ്.
പഴയ അപകടവസ്ഥയിലുള്ള കലുങ്കുകള്‍ പൊളിച്ചു പണിയുകയും ആവശ്യമുള്ള ഭാഗങ്ങളില്‍ ഓട നിര്‍മിക്കുകയും ചെയ്യുന്നുണ്ട്. ട്രാഫിക് സേഫ്റ്റി പ്രവര്‍ത്തിയുടെ ഭാഗമായി റോഡ് മാര്‍ക്കിങ്, സ്റ്റഡുകള്‍, ദിശാസൂചക ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുന്നതാണ്. പൊതുമരാമത്ത് നിരത്ത് വിഭാഗം മാവേലിക്കര സബ് ഡിവിഷനാണ് നിര്‍മാണച്ചുമതല. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് എംഎല്‍എ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.