ജനറല്‍ ആശുപത്രി ഒപി ബ്ലോക്ക് തുറന്നുകൊടുക്കണം: എംപി
1460494
Friday, October 11, 2024 5:49 AM IST
ആലപ്പുഴ: മാസങ്ങള്‍ക്കു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഒപി ബ്ലോക്കിന്റെ പുതിയ കെട്ടിടം പൊതുജനങ്ങള്‍ക്ക് എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
കെട്ടിടത്തിന്റെ നിര്‍മാണ ജോലികള്‍ മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയാക്കിയിട്ടും ഉദ്ഘാടനം അനിശ്ചിതമായി നീണ്ടുപോകുകയാണ്. ഏഴു നിലയുള്ള കെട്ടിടത്തിന് 117 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാത്തതിനാല്‍ സാധാരണ രോഗികളുടെ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും മറ്റുമായ മെച്ചപ്പെട്ട സൗകര്യങ്ങളാണ് നിഷേധിക്കുന്നത്. ഇതുകാരണം സ്വകാര്യമേഖലയില്‍ പോലും മിക ച്ച ചികിത്സ ലഭ്യമല്ലാത്ത ആലപ്പുഴയിലെ നിര്‍ധനരായ രോഗികള്‍ ചികിത്സാസൗകര്യം തേടി മറ്റുജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
നിലവില്‍ പഴക്കം ചെന്നതും പൊളിഞ്ഞുവീഴാറായാതുമായ പഴയ കെട്ടിടത്തിലാണ് എമര്‍ജന്‍സി മെഡിസിന് പോലെയുള്ള വിഭാഗങ്ങളും അഡ്മിനിസ്ട്രേഷന് ഉള്‍പ്പെടെയുള്ള ഓഫീസ് വിഭാഗവും പ്രവര്‍ത്തിക്കുന്നത്. ജീര്‍ണിച്ച പഴകെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണം രോഗികളും ബന്ധുക്കളും പൊതുജനങ്ങളും ജീവനക്കാരും വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നിര്‍ധനരായ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനാവശ്യമായ ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി സജ്ജീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കി പുതിയ കെട്ടിടം പൊതുജനങ്ങള്‍ക്ക് എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് എംപി കത്തു നല്കി.