29 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി
1452584
Wednesday, September 11, 2024 11:33 PM IST
ഹരിപ്പാട്: വിവാഹത്തട്ടിപ്പും ആൾമാറാട്ടവും നടത്തിയതിനു ഹരിപ്പാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചതിനുശേഷം 29 വർഷമായി ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി.
മുതുകുളം തെക്ക് കൊല്ലംമുറി തറയിൽ വീട്ടിൽ കോശി ജോണിനെ(സാജൻ-57)യാ ണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 1995,1998 വർഷങ്ങളിൽ ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് കോടതി ഈ രണ്ടു കേസുകളിലും ശിക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ജാമ്യം നേടി ഒളിവിൽ പോയ പ്രതി എവിടെയാണെന്ന് ആർക്കും അറിവില്ലായിരുന്നു. ഇതിനിടെ ഇയാൾ മരണപ്പെട്ടതായും അഭ്യൂഹമുണ്ടായിരുന്നു. മുൻ നേവി ഉദ്യോഗസ്ഥനായിരുന്നു പ്രതി. ചേർത്തല പോലീസ് സ്റ്റേഷനിലും ഒരു സ്ത്രീയുടെ പരാതിയിന്മേൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
ദീർഘനാളായി കിട്ടാതിരിക്കുന്ന പ്രതികളെ പിടികൂടാനുള്ള ആലപ്പുഴ ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രൻ നായരുടെ നിർദേശത്തെത്തു ടർന്ന് കായംകുളം ഡിവൈഎസ്പി ബാബുകുട്ടന്റെ മേൽ നോട്ടത്തിൽ കനകക്കുന്ന് ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ട്രെയിൻ യാത്രയ്ക്കിടെ പ്രതിയെ പിടികൂടിയത്. എസ്ഐ ധർമ രാത്നം, എഎസ്ഐ സുരേഷ് കുമാർ, സിവിൽ പോലിസ് ഓഫീസർമാരായ ഗിരീഷ്, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.