കണ്ണങ്കര -മാന്നാനം ബോട്ട് സർവീസ് പുനരാരംഭിക്കണം
1450906
Thursday, September 5, 2024 11:40 PM IST
മുഹമ്മ: കണ്ണങ്കര ജെട്ടിയിൽനിന്നും മാന്നാനത്തിനുള്ള ബോട്ട് പുനരാരംഭിക്കണമെന്ന് ആവശ്യം. ഇപ്പോൾ സർവീസ് നടത്തുന്ന ബോട്ട് മാന്നാനം വരെ സർവീസ് നടത്താതെ മണിയാപറമ്പിൽ എത്തി മടങ്ങുകയാണ്. യാത്രക്കാർക്ക് കോട്ടയം മെഡിക്കൽ കോളജിലേക്കും മറ്റും പോകാൻ ഇത് ഉപകരിക്കുന്നുണ്ടെങ്കിലും മാന്നാനത്തിന്റെ വടക്കൻ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കാൻ സാധിക്കുന്നില്ല.
1992ൽ ആരംഭിച്ച മാന്നാനം സർവീസ് വളരെക്കാലം മുടക്കം കൂടാതെ നടന്നെങ്കിലും പിന്നീട് ജലഗതാഗതവകുപ്പിന്റെ അനാസ്ഥയിൽ മുടങ്ങി. മറ്റു റൂട്ടുകളിൽ ബോട്ട് കേടാകുമ്പോൾ കണ്ണങ്കരയിലെ ബോട്ട് അവിടേക്കു കൊണ്ടുപോകുന്നതു പതിവായതോടെയാണ് സർവീസിന്റെ താളം തെറ്റിയത്.
പുത്തൻകായൽ, വിരുപ്പുകാല, ചീപ്പുങ്കൽ, കവണാറ്റിൻകര തുടങ്ങിയ കിഴക്കൻ പാടശേഖരങ്ങളിൽ പണിക്കുപോകുന്ന കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ബോട്ടിനെ ആശ്രയിച്ച് തൊഴിലിനു പോകാനാവാത്ത സ്ഥിതിയുണ്ടായി.
കണ്ണങ്കരയിലേക്ക് ബസ് സർവീസ് ഇല്ലാത്തതും യാത്രക്കാരുടെ മനം മടുപ്പിച്ചു. വിവിധ സ്ഥലങ്ങളിൽനിന്നും കാൽനടയായി ജെട്ടിയിലെത്തുന്ന യാത്രക്കാർ പലപ്പോഴും ബോട്ടില്ലാത്തതുമൂലം തിരികെ നടന്നു പോകേണ്ട സ്ഥിതി വന്നത് സർവീസിന് തിരിച്ചടിയായി. ഒരു കിലോമീറ്റർ സഞ്ചരിച്ച് കണ്ണങ്കര ജംക്ഷനിൽ നിന്നോ, മുട്ടത്തിപ്പറമ്പ് ജംക്ഷനിൽ നിന്നോ ബസ് കിട്ടിയിട്ട് വേണമായിരുന്നു ഇവർക്ക് ലക്ഷ്യത്തിലെത്താൻ.
നിലവിലുള്ള ബോട്ട് സർവീസ് കാര്യക്ഷമമാക്കാൻ നടപടിയില്ലെന്ന് ആക്ഷേപമുണ്ട്. പരാതിപ്പെട്ടാലും ജലഗതാഗതവകുപ്പ് അധികൃതർ മുൻകൈ എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മണിയാപറമ്പ് ആറ്റിൽ പോളയും പായലും നിറയുന്നത് പലപ്പോഴും ബോട്ട് സർവീസിനു തടസമായി മാറുന്നുണ്ട്. ആർപ്പൂക്കര പഞ്ചായത്ത് അധികൃതർ മുൻകൈയെടുത്ത് ആറ്റിലെ പോളയും പായലും നീക്കം ചെയ്ത് ബോട്ട് സർവീസ് സുഗമമാക്കണമെന്നാണ് ആവശ്യം.