മണ്ണാറശാല ക്ഷേത്രം: സാവിത്രി അന്തർജനം പൂജകൾ ഏറ്റെടുത്തു
1450902
Thursday, September 5, 2024 11:40 PM IST
ഹരിപ്പാട്: മണ്ണാറശാല ക്ഷേത്രത്തിൽ സാവിത്രി അന്തർജനം പൂജകൾ ഏറ്റെടുത്തു. മൂന്നു പതിറ്റാണ്ടായി ക്ഷേത്രത്തിലെ മുഖ്യ പൂജാരിണിയായിരുന്ന വലിയമ്മ ഉമാദേവി അന്തർജനം അന്തരിച്ചതിനെതുടർന്നാണ് പിൻഗാമിയായി സാവിത്രി അന്തർജനം അഭിഷിക്തയായത്. അമ്മയായി സ്ഥാനമേൽക്കുന്ന അംഗം ഒരു വർഷം പൂജകളും അനുഷ്ഠാനങ്ങളും സ്വായത്തമാക്കിയശേഷമാണു പൂജ ചെയ്യുന്നതിലേക്കു കടക്കുന്നത്.
സാവിത്രി അന്തർജനം പൂജകൾ ഏറ്റെടുത്തതോടെ കന്നി, തുലാം മാസങ്ങളിലെ ആയില്യം എഴുന്നള്ളത്തും മലയാളമാസം ഒന്നാം തീയതികളിലെയും പൂയം നാളുകളിലെ പൂജകളും നടക്കും. വലിയമ്മ ചെയ്യേണ്ടതായ പൂജകൾ അവർക്ക് അസൗകര്യമുണ്ടായാൽ മറ്റാരും ചെയ്യേണ്ടതില്ലെന്നാണു മണ്ണാറശാലയിലെ കീഴ്വഴക്കം.
ഉമാദേവി അന്തർജനത്തിന്റെ വാർധക്യസംബന്ധമായ ക്ലേശങ്ങൾ കാരണം 2018നുശേഷം ഇവിടെ അത്തരം പൂജകൾ നടന്നിരുന്നില്ല. അതാണ് 6 വർഷത്തിനുശേഷം പുനരാരംഭിക്കുന്നത്. സാവിത്രി അന്തർജനം, കോട്ടയം നാട്ടാശേരി കാഞ്ഞിരക്കോട്ടില്ലത്ത് ശങ്കരൻനമ്പൂതിരിയുടെയും ആര്യാദേവി അന്തർജനത്തിന്റെയും മകളാണ്.
പതിമൂന്നാം വയസിൽ മണ്ണാറശാല ഇല്ലത്തെ എം.വി. സുബ്രഹ്മണ്യൻ നമ്പൂതിരി വേളികഴിച്ചു. സുബ്രഹ്മണ്യൻ നമ്പൂതിരി 2016 നവംബർ അഞ്ചിന് അന്തരിച്ചു. മക്കൾ: എം.എസ്.വാസവൻ, ശ്യാംസുന്ദർ, സുബ്രഹ്മണ്യൻ, ശ്രീദേവി, നാഗദാസ്, ഉഷ, ശ്രീകുമാർ, ഹരി.