വയനാടിനൊരു കൈത്താങ്ങ്
1444648
Tuesday, August 13, 2024 10:33 PM IST
മുളക്കുഴ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ കൈമാറി
ചെങ്ങന്നൂർ: വയനാടിന് കൈത്താങ്ങായി അഞ്ചു ലക്ഷം രൂപ സംഭാവന നൽകി മുളക്കുഴ പഞ്ചായത്ത്. പ്രസ്തുത തുകയ്ക്കുള്ള ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സദാനന്ദൻ മന്ത്രി സജി ചെറിയാന് കൈമാറി. മന്ത്രിയുടെ വസതിയിലെത്തി ചെക്ക് കൈമാറിയ ചടങ്ങിൽ വൈസ് പ്രസിഡന്റ് രമാ മോഹൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. പ്രദീപ്, ടി. അനു, മഞ്ജു, സി.കെ. ബിനകുമാർ, കെ. സാലി, എൻ. പത്മാകരൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ഭരണസമിതിയെ മന്ത്രി അഭിനന്ദനം അറിയിച്ചു.
വയനാടിനായി ആടിനെ നൽകി ദമ്പതികൾ
മാന്നാർ: വയനാടിന്റെ പുനർനിർമിതിക്കായി ആക്രി ഉൾപ്പെടെയുള്ള സാധനങ്ങൾ ശേഖരിക്കാൻ എത്തിയവർക്ക് സ്വന്തം വളർത്താടിനെ നൽകി മാതൃകയായിരുക്കുകയാണ് ഒരു കുടുംബം. റീബിൽഡ് വയനാടിന്റെ ഭാഗമായി ഡിവൈഎഫ്ഐ നിർമിച്ചു നൽകുന്ന വീടുകൾക്കുവേണ്ടി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് ആടിനെ നൽകിയത്. മാന്നാർ കുട്ടംപേരൂരിൽ രമണി-രാജൻ ദമ്പതികളാണ് തങ്ങളുടെ ഉപജീവന മാർഗത്തിൻ്റെ ഭാഗമായ ആട്ടിൻകുട്ടിയെ യുവാക്കൾക്ക് നൽകിയത്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയിംസ് ശാമുവൽ ആടിനെ ഏറ്റുവാങ്ങി. ജില്ലാ വൈസ് പ്രസിഡന്റ് പി.എ. അൻവർ, ബ്ലോക്ക് സെക്രട്ടറി ലിജോ ജോയ്, പ്രസിഡന്റ് കെബിൻ കെന്നഡി, ട്രഷറർ അരുൺ മുരുകൻ, സി.പി. സുധാകരൻ, വിഷ്ണുദേവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദുരിതാശ്വാസനിധിയിലേക്ക് ഹരിത
കർമസേന അമ്പതിനായിരം നൽകി
ചാരുംമൂട്: ചുനക്കര പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അമ്പതിനായിരം രൂപ നൽകി. എം.എസ്. അരുൺകുമാർ എംഎൽഎയോടൊപ്പം മന്ത്രി എം.ബി. രാജേഷിന്റെ ഓഫീസിൽ നേരിട്ടത്തിയാണ് ചെക്ക് കൈമാറിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, ഹരിത കർമസേന ചാർജ് ഓഫീസർ ബൈജു ടി.സി എന്നിവർ പങ്കെടുത്തു.